ജാതി പറയാതെ വോട്ട് കിട്ടില്ല!!

ബിജെപിയെ വിമര്‍ശിച്ച് സഖ്യ കക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. 

Last Updated : Oct 18, 2019, 06:00 PM IST
ജാതി പറയാതെ വോട്ട് കിട്ടില്ല!!

ആലപ്പുഴ: ബിജെപിയെ വിമര്‍ശിച്ച് സഖ്യ കക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. 

അരൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് വേദി. കേരളത്തിലെ ബിജെപിക്ക് നേതൃപാടവമില്ലെന്നും ഇവിടുത്തെ മുന്നണി സംവിധാനം ദുര്‍ബലമാണെന്നും യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി തുറന്നടിച്ചു. കൂടാതെ, കേന്ദ്രത്തിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളോടാണ് ബിഡിജെഎസിന് യോജിപ്പെന്നും ഈ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്‍റെ സ്വാധീനം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.  

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി ചോദിച്ചാണ് വോട്ടു ചോദിക്കുന്നതെന്നും ജാതി പറയാതെ വോട്ടു ലഭിക്കില്ലെന്നും എസ്.എന്‍.ഡി.പിയുടെ വോട്ടുകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം ലഭിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി   പറഞ്ഞു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി പിടിച്ച് വോട്ടു നേടുക എന്നത് കേരളത്തില്‍ നടക്കില്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെയും വിമര്‍ശനത്തിന് പിന്നാലെയാണ് ജാതി ചോദിക്കാതെ തരമില്ലെന്ന തുഷാറിന്‍റെ പ്രതികരണം.

പ്രസംഗത്തിനിടെ പാലായിലടക്കം ബിഡിജെഎസ് നേരിട്ട ആക്ഷേപങ്ങളും തുഷാര്‍ നിരത്തി. പാലായില്‍ ബിഡിജെഎസിന്‍റെ വോട്ട് ചോര്‍ന്നിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. 

പാലാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷവും തുഷാര്‍ ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വോട്ടു കച്ചവടം നടത്തി തോറ്റപ്പോള്‍ അത് ബിഡിജെഎസിന്‍റെ തലയില്‍ കെട്ടിവെക്കുകയണെന്നായിരുന്നു തുഷാറിന്‍റെ പ്രതികരണം.

അതേസമയം, ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ എന്‍ഡിഎയിലെ തര്‍ക്കങ്ങള്‍ വോട്ടുകള്‍ വിഭജിക്കാന്‍ കാരണമാവുമെന്നും അത് ഒരേ പോലെ ഇടതുമുന്നണിക്കും വലതു മുന്നണിക്കും ഗുണം ചെയ്യുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ.

 

Trending News