കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു:സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സഹോദരന്‍

മരണപ്പെടുമ്പോൾ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്‍റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ  മീഥൈൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തിയത്. 

Updated: May 29, 2016, 08:15 PM IST
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്‍റെ അംശം സ്ഥിരീകരിച്ചു:സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സഹോദരന്‍

തൃശൂര്‍: മരണപ്പെടുമ്പോൾ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്‍റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ  മീഥൈൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തിയത്. മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് തങ്ങളുയർത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോർട്ടെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.

മാര്‍ച്ച് ആറിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്‍െറ അംശം കണ്ടെത്തിയതാണ് സംശയമുയര്‍ത്തിയത്. കീടനാശിനിയുടെ അംശമുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കീടനാശിനിയുടെ അംശം എങ്ങനെ, എത്ര അളവില്‍ എത്തി എന്ന് കണ്ടത്തൊനുള്ള സംവിധാനവും കാക്കനാട്ടെ റീജനല്‍ പരിശോധന ലാബില്‍ ഉണ്ടായിരുന്നില്ല. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാട്ടി സഹോദരന്‍ രംഗത്തത്തെിയതോടെയാണ് സംശയങ്ങള്‍ക്ക് ശക്തിയേറിയത്. മണിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്നും വീട്ടുകാരുമായി മണിയെ അകറ്റിയത് ഇവരാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.കലാഭവന്‍ മണി ആശുപത്രിയില്‍ ആകുന്നതിന്റെ തലേന്ന് പാടിയില്‍ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാന്‍ വേണ്ടിയാകും തിടുക്കപ്പെട്ട പാടി വൃത്തിയാക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അന്നു പാടി വൃത്തിയാക്കി കൊണ്ടു പോയത് പച്ചക്കറിയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നെന്നാണ് വൃത്തിയാക്കിയവര്‍ പറഞ്ഞത്.എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യമമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. തന്റെ സഹോദരന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പാടിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി തൊട്ടടുത്ത സ്ഥലം വാങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനായി പണം കടം കൊടുത്തവരില്‍ നിന്ന് മണി പണം തിരികെ ചോദിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളാകാം മണിയുടെ മരണത്തിലേക്ക് നയിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.