താഴെ തട്ടിൽ തുടങ്ങി കോൺഗ്രസ്!

സംഘടന വൈകുമ്പോഴും താഴെ തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിന്‍റെ നീക്കം.

Updated: Dec 6, 2019, 05:08 PM IST
താഴെ തട്ടിൽ തുടങ്ങി കോൺഗ്രസ്!

കെപിസിസി പുന:സംഘടന വൈകുമ്പോഴും താഴെ തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിന്‍റെ നീക്കം.

കെപിസിസിയുടേയും  ഡിസിസികളുടേയും  പുനസംഘടന വൈകുമ്പോഴും താഴെ തട്ടിൽ പാർട്ടിയെ സജീവമാക്കാനാണ് കോൺഗ്രസ് ശ്രമം.

കോൺഗ്രസ് ഇതിന്‍റെ ആദ്യ ഘട്ടമായി വാർഡ് കമ്മറ്റികൾ പുന:സംഘടിപ്പിക്കും. നിലവിൽ ബൂത്ത് കമ്മറ്റികളും വാർഡ് കമ്മറ്റികളും നിർജ്ജീവമാണ്. ഈ സാഹചര്യത്തിലാണ് വാർഡ് കമ്മറ്റികൾ പുനസംഘടിപ്പിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. 

വാർഡ് കമ്മറ്റികൾ സജീവമാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചുമതലയും ആ കമ്മറ്റികളെ ഏൽപ്പിക്കും. അതോടെ മുകളിൽ നിന്ന് കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ ഒഴിവാക്കാനാകുമെന്നും നേതാക്കൾ കണക്ക് കൂട്ടുന്നു. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വാർഡ് കമ്മറ്റികളാകും അതാത് വാർഡിലെ സ്ഥാനാർത്ഥികളെ നിശ്ച്ചയിക്കുക എന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുമ്പോഴും ഗ്രൂപ്പ് വീതം വെയ്പ്പ് എങ്ങനെ അവസാനിപ്പിക്കും എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. 

ഗ്രൂപ്പ് മുക്തമായ വാർഡ് കമ്മറ്റികൾ സാധ്യമാകാതെ വന്നാൽ അത് പാർട്ടിയുടെ അടിതട്ടിൽ വലിയ തർക്കങ്ങൾക്ക് കാരണമായേക്കും.

വാർഡ് കമ്മറ്റികൾ തെരഞ്ഞെടുക്കുകയും പിന്നാലെ വാർഡ് കമ്മറ്റി അംഗങ്ങൾ ഗൃഹ സമ്പർക്കം നടത്തുകയും ചെയ്ത് കൊണ്ട് താഴെ തട്ടിൽ നിന്ന് പുനസംഘടന തുടങ്ങാനാണ് കോൺഗ്രസ്സ് തയ്യാറെടുക്കുന്നത്. 

എന്നാൽ കെപിസിസി പുന:സംഘടന സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. കെപിസിസി ഭാരവാഹികൾക്കായി തയ്യാറാക്കിയ ജംബോ പട്ടികയെ ചൊല്ലിയും നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നലക്ഷ്യവും കോൺഗ്രസിന്റെ  വാർഡ് കമ്മറ്റികളുടെ രൂപീകരണത്തിന് പിന്നിലുണ്ട്. വാർഡ് കമ്മറ്റികളുടെ രൂപീകരണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കോൺഗ്രസ് ഉടൻ ആരംഭിക്കും.