ജോസിന് പാല,മാണി സി കാപ്പന് രാജ്യസഭ,ജോസ് പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം ഫോര്‍മുല?

സംസ്ഥാനത്ത് തുടര്‍ ഭരണം ലക്ഷ്യം വെയ്ക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ ഒപ്പം 

Last Updated : Jul 4, 2020, 04:58 PM IST
ജോസിന് പാല,മാണി സി കാപ്പന് രാജ്യസഭ,ജോസ് പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം ഫോര്‍മുല?

കോട്ടയം:സംസ്ഥാനത്ത് തുടര്‍ ഭരണം ലക്ഷ്യം വെയ്ക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ ഒപ്പം 
നിര്‍ത്തുക എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യമാണ്.

അതുകൊണ്ട് തന്നെ അതിനായുള്ള നീക്കങ്ങള്‍ സിപിഎം ആരംഭിച്ചിട്ടുണ്ട്.നിലവില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിന്‍റെ കടന്ന് 
വരവിനെ എതിര്‍ക്കുന്നത് സിപിഐയും എന്‍സിപിയുമാണ്,

സിപിഐ അവരുടെ എതിര്‍പ്പിന് രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്ന് അവകാശപെടുന്നു.എന്നാല്‍ എന്‍സിപി യാകട്ടെ കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗം ഇടതുമുന്നണിയില്‍
കടന്ന് വന്നാല്‍ തങ്ങളുടെ സിറ്റിംഗ് സീറ്റായ പാല വിട്ട് കൊടുക്കേണ്ടി വരുമോ എന്ന സംശയം കൊണ്ടാണ് എതിര്‍ക്കുന്നത്.

പാലയില്‍ കെഎം മാണി അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയിക്കുകയായിരുന്നു.

ഏറെ വിയര്‍പ്പോഴുക്കിയാണ് ഇടത് മുന്നണിക്ക്‌ വേണ്ടി തങ്ങള്‍ പാല പിടിച്ചെടുത്തത് എന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു.
എന്നാല്‍ സിപിഎം ഇക്കാര്യത്തില്‍ പാല സീറ്റ് കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഭാഗമായാല്‍ വിട്ടുനല്‍കാം എന്ന നിലപാടിലാണ്.

പകരമായി അവര്‍ എന്‍സിപിക്ക് ഒരു രാജ്യസഭാ സീറ്റ് നല്‍കുന്നതിനും തയ്യാറാണ്.എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സിപിഎം എന്‍സിപി നേതൃത്വത്തെ 
അറിയിച്ചിട്ടില്ല എന്നാണ് വിവരം.എന്തായാലും ഇടത് മുന്നണിയുടെ ഘടക കക്ഷിയാകുന്നതിന് കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗം തയ്യാറായാല്‍ 
ഘടക കക്ഷികളുമായി സിപിഎം നേതൃത്വം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും,സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ് മറികടക്കുന്നതിനും കഴിയും എന്നാണ് സിപിഎം 
കണക്ക് കൂട്ടുന്നത്‌,അതേസമയം നിലവില്‍ രാജ്യസഭാംഗമായ ജോസ് കെ മാണി ഇടത് മുന്നണിയുടെ ഭാഗമായാല്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കുന്നതിനും
സാധ്യതയുണ്ട്,ഇടത് മുന്നണി പ്രവേശന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ സ്ടിയറിംഗ് കമ്മറ്റി ബുധനാഴ്ച തന്നെ തീരുമാനം എടുക്കുന്നതിന് സാധ്യതയുണ്ട്.

Also Read:ഒപ്പമുണ്ടെങ്കില്‍ തീരുമാനം വേഗം വേണം;ജോസ് കെ മാണിക്ക് സിപിഎം സന്ദേശം!

കേരളാ കോണ്‍ഗ്രസിന്‍റെ ചില ജില്ലാ കമ്മറ്റികള്‍ക്ക് എല്‍ഡിഎഫുമായി സഹകരിക്കുന്നതിന് എതിര്‍പ്പുണ്ട്,എന്നാല്‍ ജോസ് കെ മാണി ഒരു തീരുമാനം എടുത്താല്‍ 
അത് പാര്‍ട്ടി ഘടകങ്ങള്‍ അംഗീകരിക്കും,
അതേസമയം ജോസ് പക്ഷത്തെ എംഎല്‍എ മാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇടത് മുന്നണിയ്ക്കൊപ്പം നില്‍ക്കുന്നതിന് താല്‍പ്പര്യം കാട്ടാത്തവരാണ്.
എന്നാല്‍ ജോസ് കെ മാണി പാര്‍ട്ടി നേതൃയോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയും സീറ്റുകള്‍ സംബന്ധിച്ച് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്‌താല്‍ അവര്‍ 
ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കുന്നതിന് തയ്യാറായേക്കും.

Trending News