സി.പി.എം പറഞ്ഞാൽ മാത്രം കേൾക്കുന്ന അണികൾ: കോടതി പറഞ്ഞാൽ? വിവാദമാക്കുന്നത് എന്ത്?

കാസർകോട് ജില്ലാ സമ്മേളനം വിലക്കികൊണ്ട് ഹൈക്കോടതി ഇടപെട്ടതും പാർട്ടിക്ക് തിരിച്ചടിയായി

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 02:59 PM IST
  • ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷനേതാവ്
  • വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമ്മേളനം ജില്ലാ സെക്രട്ടറിയെയും പുതിയ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു
  • കാസർകോട് ജില്ലാ സമ്മേളനം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നുവരികയായിരുന്നു
സി.പി.എം പറഞ്ഞാൽ മാത്രം കേൾക്കുന്ന അണികൾ: കോടതി പറഞ്ഞാൽ? വിവാദമാക്കുന്നത് എന്ത്?

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം നടത്തുന്ന ജില്ലാ സമ്മേളനങ്ങൾക്കെതിരെ വൻ ആക്ഷേപം. തൃശൂർ, ആലപ്പുഴ സമ്മേളനങ്ങളാണ് ഇനി പൂർത്തിയാക്കാനുള്ളത്.ടിപിആർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സർക്കാർ സിപിഎം സമ്മേളനങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം. 

അതേസമയം, കാസർകോട് ജില്ലാ സമ്മേളനം വിലക്കികൊണ്ട് ഹൈക്കോടതി ഇടപെട്ടതും പാർട്ടിക്ക് തിരിച്ചടിയായി. ഇതോടെ, ലോക്ഡൗൺ പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലാ സമ്മേളനം ശനിയാഴ്ച അവസാനിപ്പിക്കാനും പാർട്ടി നിർബന്ധിതരായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ അടച്ചിട്ട മുറികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 250 ഓളം പേർ പങ്കെടുക്കുന്നത് സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നേരത്തെ തന്നെ പൊതുവേ ആക്ഷേപം ഉയർന്നിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന മിക്ക ജില്ലകളിലും സിപിഎം സമ്മേളനം നടത്തുന്നതിനെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. കൊവിഡ് ചട്ടപ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും സിപിഎം സമ്മേളനങ്ങൾക്ക് ബാധകമല്ലേ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. 

രോഗവ്യാപനം ഉയർന്നുനിൽക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലും നിയന്ത്രണങ്ങൾ ശക്തമാക്കി കൊണ്ട് പൊതുപരിപാടികൾക്ക് ഉൾപ്പെടെ നിശ്ചിത ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ നടത്താൻ പാടുള്ളുവെന്നു ഉത്തരവുണ്ടെങ്കിലും പാർട്ടി സമ്മേളനങ്ങളുമായി സിപിഎം മുന്നോട്ടുപോവുകയായിരുന്നു. 

നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിരക്കളിയും തൃശ്ശൂർ സമ്മേളനത്തിന് ഭാഗമായി നടത്തിയ തിരുവാതിരയും വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നതാണ്. തിരുവനന്തപുരത്ത് പാർട്ടി ക്ഷമാപണം നടത്തിയെങ്കിലും തൃശൂരിൽ അതിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. 

പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും ഉൾപ്പെടെ കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. മന്ത്രിക്കും എംഎൽഎമാർക്കും ഉൾപ്പെടെ പോസിറ്റീവ് ആയിട്ടും മറ്റുള്ള ജില്ലകളിലെ സമ്മേളന നടപടികൾ വെട്ടിച്ചുരുക്കുവാനോ ഒഴിവാക്കാനോ പാർട്ടി തയ്യാറായില്ല.

കാസർകോട് ജില്ലാ സമ്മേളനം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി ജില്ലാ കളക്ടർ കാസർകോട് ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയെങ്കിലും രണ്ടു മണിക്കൂറിനുശേഷം ഈ ഉത്തരവ് പിൻവലിച്ചു. സിപിഎം സമ്മർദ്ദത്തിൻ്റെ ഫലമായിട്ടാണ് ഉത്തരവ് പിൻവലിച്ചതെന്നതാണ് ഉയരുന്ന  ആരോപണം.

പിന്നാലെ അടുത്ത ദിവസം ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായി. 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നടത്തുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് വിലക്കുകയും ചെയ്തു. തുടർന്ന്, കളക്ടർ അവധിയിൽ പോയതും ചർച്ചയായി. തിരുവനന്തപുരം പേരൂർക്കട സ്വദേശി പി.എൻ അരുൺരാജ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ഇടപെടൽ.

തുടർന്ന്, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഎം കാസർകോട് ജില്ലാ സമ്മേളനം പിന്നീട് വെട്ടിച്ചുരുക്കാൻ പാർട്ടി നിർബന്ധിതരാവുകയായിരുന്നു. മൂന്നുദിവസം നടത്താൻ നിശ്ചയിച്ച കാസർകോട് പൊതുസമ്മേളനം ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി സമ്മേളന നടപടികൾ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമ്മേളനം ജില്ലാ സെക്രട്ടറിയെയും പുതിയ ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു കൊണ്ട് 10:30 ഓടെ തന്നെ അവസാനിപ്പിച്ചു.

കൂടാതെ, ഞായറാഴ്ച അവസാനിക്കാനിരുന്ന തൃശ്ശൂർ ജില്ലാ സമ്മേളനം ലോക്ക്ഡൗൺ കൂടി മുന്നിൽ കണ്ട് ഇന്ന് അവസാനിപ്പിക്കും ചെയ്യും. ഹൈക്കോടതിയുടെ ഇടപെടലിൽ കാസർകോട് ജില്ലാ സമ്മേളന നടത്തിപ്പ് സംബന്ധിച്ച ഹൈക്കോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെയാണ് തൃശ്ശൂർ സമ്മേളനവും ഒരുദിവസം നേരത്തെ അവസാനിപ്പിക്കാൻ സിപിഎം നിർബന്ധിതമാകുന്നത്. എന്നാൽ, സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഞായറാഴ്ച അടച്ചിടൽ ആയതിനാലാണ് ഒരു ദിവസം സമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് നൽകുന്ന വിശദീകരണം.

രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും റിപ്പബ്ലിക് ദിന പരിപാടിക്ക് പോലും 50 പേർ മാത്രമല്ലേ പങ്കെടുക്കുന്നുള്ളുവെന്നും ഹർജി പരിഗണിക്കവെ കോടതി വാക്കാൽ ചോദിച്ചും സർക്കാരിന് തിരിച്ചടിയായിരുന്നു. എന്നാൽ, കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും കാസർകോട് വ്യാപനം കുറവായതിനാൽ മൂന്നു വിഭാഗങ്ങളിലും ഉൾപ്പെട്ടില്ലെന്നുമാണ് സ്റ്റേറ്റ് അറ്റോണി എൻ.മനോജ് കുമാർ ഇന്നലെ കോടതിയിൽ വിശദീകരിച്ചത്.

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം കണക്കാക്കിയാണ് മൂന്ന് വിഭാഗങ്ങളെ നിർണയിച്ചിട്ടുള്ളത്. കാറ്റഗറി എ യിൽ ഉൾപ്പെട്ട ജില്ലകളിൽ 50 പേർ വരെ പങ്കെടുക്കുന്ന പൊതു പരിപാടികൾ നടത്താമെന്നും മറ്റു രണ്ടു വിഭാഗങ്ങളിലും ഇതിന് അനുവദിച്ചിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വ്യക്തമാക്കി.

അതിനിടെ, കാസർകോട് ജില്ലയിൽ 36% രോഗികൾ ആശുപത്രിയിലാണെന്നും ജില്ല മൂന്നു വിഭാഗങ്ങളിലും ഉൾപ്പെടുന്നില്ല എന്നതിനാൽ നിലവിലെ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്നും ഡിവിഷൻ ബഞ്ച് ആരാഞ്ഞു. തുടർന്നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പേരൂർക്കട സ്വദേശി നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന ജില്ലകളിൽ പോലും പാർട്ടി സമ്മേളനങ്ങൾ തിടുക്കപ്പെട്ടാണ് നടത്തിയതിനെ പ്രതിപക്ഷം പല സന്ദർഭങ്ങളിലും കടന്നാക്രമിക്കുകയും ചെയ്തു. വിഷയത്തെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിൻ്റെ പ്രതികരണം ഇങ്ങനെ.ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. 

സാമാന്യ യുക്തിയുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്. നിയന്ത്രണങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സി.പി.എമ്മിന്റെ പോക്ക്. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും  അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സി.പി.എം സ്വന്തം പാർട്ടി പ്രവർത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടർനടപടികൾ വേണം. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

സിപിഎം സമ്മേളനങ്ങൾ വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവിതം വച്ച് പങ്കാടുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വാക്കുകൾ. പാർട്ടി സമ്മേളനങ്ങൾ നടത്തി ജനങ്ങളെ സിപിഎം കൊലയ്ക്ക് കൊടുക്കുകയാണ്. സിപിഎം തറ രാഷ്ട്രീയം കളിക്കുകയാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ പരിപാടികൾ മാറ്റിവച്ചപ്പോൾപോലും സിപിഎം അതിനു മുതിരുന്നില്ല. കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നായിരുന്നു സുരേന്ദ്രൻ കുറ്റപ്പെടുത്തിയത്.

എന്നാൽ, മാധ്യമങ്ങളിൽ ഉൾപ്പെടെ നിരന്തരം വാർത്ത വന്നതോടെയാണ് പൊതുസമ്മേളനം ഉൾപ്പെടെയുള്ള അനുബന്ധ കാര്യപരിപാടികൾ ചില ജില്ലകളിൽ വെർച്വൽ സംവിധാനത്തിലേക്ക് പോലും മാറ്റിയത്. മിക്കയിടങ്ങളിലും കൊവിഡ് പ്രോട്ടോകോൾ ഉൾപ്പടെ കാറ്റിൽ പറത്തി നേതാക്കളും പ്രവർത്തകരും വലിയ ആഹ്ലാദപ്രകടനങ്ങൾ നടത്തിയാണ് പാർട്ടി സമ്മേളനങ്ങളെ വരവേറ്റത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News