വയനാട്: സംസ്ഥാന സമ്മേളനം പൂർത്തിയായതോടെ ഭീന്നതകൾ രൂക്ഷമായ വയനാട് സിപിഎമ്മിലെ തർക്കങ്ങളും പരാതികളും പരിഹരിക്കലാവും ഇനിസംസ്ഥാന നേതൃത്വത്തിൻ്റെ പ്രധാന വെല്ലുവിളി. ജില്ലാസമ്മേളനത്തിൽ ഗൂഡാലോചന നടന്നുവെന്ന മുൻ ജില്ലാ സെക്രട്ടറിയുടെ പരാതിക്കൊപ്പം മുതിർന്ന നേതാകളുടെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതിയും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയേറ്റ് രൂപികരണത്തിൽ അട്ടിമറി നീക്കത്തിന് സാധ്യതയുള്ളതിനാൽ പ്രശ്നപരിഹാരത്തിനായി ഉടൻ സംസ്ഥാന നേതൃത്വം ഇടപെടും. സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ട മുൻ ജില്ലാ സെക്രട്ടറി പി.ഗഗാറിന് പകരം ചുമതല നൽകുന്ന കാര്യവും നേതൃത്വം പരിഗണിക്കും.
ജില്ലാ സമ്മേളനത്തിന് ശേഷം നേതാക്കൾക്കിടയിൽ ഉടലെടുത്ത ഭിന്നതകൾ രൂക്ഷമായി നിലനിൽക്കുമ്പോഴാണ് പാർട്ടി അംഗങ്ങളുടെ എണ്ണം കണക്കാക്കിയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് പി. ഗഗാറിന് ഒരു ടേം കൂടി അവസരമുണ്ടായിട്ടും ഗൂഢാലോചന നടത്തി വെട്ടിനീക്കിയെന്ന പരാതി നിലവിൽ സംസ്ഥാന നേതൃത്വത്തിന് മുമ്പിലുണ്ട്.
ജില്ലയിലെ പ്രധാനിയായ നേതാവ് അട്ടിമറിക്ക് നേതൃത്വം കൊടുത്തുവെന്നും ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന സമിതിയിലെ ഒരുവിഭാഗം മുതിർന്ന നേതാക്കൾ ഇതിന് കൂട്ട് നിന്നുവെന്നും ആരോപിച്ചാണ് പുതിയ ജില്ലാ നേതൃത്വത്തെ എതിർക്കുന്നവർ പരാതിയായി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റ് രൂപികരണത്തിലും വെട്ടിനിരത്തൽ സാധ്യതയുണ്ടെന്ന വിവരം സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
വളരെ അപ്രതീക്ഷിതമായിട്ടാണ് പി.ഗഗാറിനെ വെട്ടി ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയായിരുന്ന കെ.റഫീഖ് സെക്രട്ടറി പദവിയിലെത്തിയത്. വെട്ടിനിരത്തൽ സാധ്യതയുള്ളതിനാൽ ജില്ലാ സെക്രട്ടറിയേറ്റ് രൂപികരിക്കാതെയാണ് സമ്മേളനം അവസാനിച്ചത്. വയനാട് സമ്മേളനത്തിലെ വിഭാഗീയത നീക്കം മനസ്സിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ യുവജന നേതൃത്വമെന്ന ട്രെൻഡ് മറ്റിടങ്ങളിൽ ചർച്ചയായി കൊണ്ടുവരാതിരിക്കാൻ 13 ഇടങ്ങളിലെ ജില്ലാസമ്മേളനങ്ങളിൽ മുഴുനീളെ പങ്കെടുത്തതും ശ്രേദ്ധേയമായിരുന്നു.
ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന ഏരിയ കമ്മിറ്റി യോഗങ്ങളിൽ മൂന്നിടത്ത് ചേരിതിരിഞ്ഞ് നേതാക്കൾ കൊമ്പുകോർത്തതും സംസ്ഥാന നേതൃത്വത്തിന് മുമ്പിൽ പരാതിയായി ലഭിച്ചിട്ടുണ്ട്. പുതിയ ജില്ലാ നേതൃത്വത്വം അവഗണിക്കുന്നുവെന്നാണ് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയംഗങ്ങൾ പരാതിയായി ഉന്നയിക്കുന്നത്.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ജനകീയപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനുണ്ട്. ഈസാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വയനാടിൻ്റെ സംഘടനാ ചുമതല സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത എം.വി ജയരാജന് നൽകാനും സാധ്യതയുണ്ട്.
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട പി.ഗഗാറിന് പകരം ചുമതല നൽകുന്ന കാര്യവും സംസ്ഥാന നേതൃത്വം പരിഗണിക്കും. നിലവിൽ കേരള ബാങ്ക് ഡയറക്ടറായായ പി.ഗഗാറിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









