ക്രൂരതയുടെ മറ്റൊരു മുഖം, തൃശ്ശൂരിൽ നായയുടെ മുഖത്ത് ടേപ്പ് ചുറ്റി, അലഞ്ഞ് നടന്നത് രണ്ടാഴ്ചയോളം
തൃശ്ശൂർ നഗര പരിസരത്ത് ഒല്ലൂർ ജംക്‌ഷനു സമീപമാണ് വായയിൽ ടേപ്പ് വച്ച് കെട്ടിയ രീതിയിൽ അവശനായി നായയെ കണ്ടെത്തിയത്.
സൈലന്റ്വാലിയിൽ ആനയുടെ വായിൽ പടക്കം പൊട്ടി മരിച്ചതിൻ്റെ മുറിവ് ഉണങ്ങുന്നതിന് മുന്നേ മറ്റൊരു ക്രൂരതയും കൂടി കേരളത്തിൽ അരങ്ങേറിയിരിക്കുകയാണ്. തൃശ്ശൂർ നഗര പരിസരത്ത് ഒല്ലൂർ ജംക്‌ഷനു സമീപമാണ് വായയിൽ ടേപ്പ് വച്ച് കെട്ടിയ രീതിയിൽ അവശനായി നായയെ കണ്ടെത്തിയത്.
ആദ്യ ദിവസങ്ങളിൽ നായ പരക്കം പായുകയായിരുന്നു. പിന്നീടു കാണാതായി. വീണ്ടും കണ്ടെത്തിയപ്പോഴേക്കും അവശനായിരുന്നു. മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ രക്ഷിച്ചത്.
വായ ഇൻസുലേഷൻ ടേപ്പുകൊണ്ടു വരിഞ്ഞുകെട്ടിയ നായ ഭക്ഷണം കഴിക്കാതെ നടന്നതു രണ്ടാഴ്ചയോളമാണ്. ടേപ് മുഖത്തെ മാംസത്തിലേക്കു താഴ്‌ന്നുപോയ മിണ്ടാപ്രാണി അതിൽനിന്നു മോചിതനായപ്പോൾ ആർത്തിയോടെ നൽകിയ വെള്ളം കുടിച്ചു, രണ്ടു കുപ്പി വെള്ളമാണ് ആ മിണ്ടാപ്രാണി കുടിച്ചു തീർത്തത്.
Also Read: ഹിമാചലിൽ ഗർഭിണിയായ പശുവിൻ്റെ വായിൽ പടക്കം പൊട്ടിച്ചു, അയൽക്കാരനെതിരെ പരാതി
നായയുടെ താടിയെല്ലു രണ്ടും ചേർത്തു മൂക്കിനു തൊട്ടുമുകളിലാണു ടേപ് ചുറ്റിയിരുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ, ശബ്ദമുണ്ടാക്കാനോ പറ്റില്ല. ടേപ് മുറുക്കിച്ചുറ്റിയതിനാൽ മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു വന്നിട്ടുണ്ട്. കൊടും ക്രൂരതയാണ് നായക്ക് നേരെ നടന്നിട്ടുള്ളത്.
വൈദ്യ സഹായത്തിനു ശേഷം പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റിയ നായ് സുഖമായിരിക്കുന്നു.