സ്വര്‍ണ്ണക്കടത്ത് കേസ്: ഒളിവില്‍ പോയ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

രാധാകൃഷ്ണനടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരം നേരത്തെ തന്നെ കോടതി കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നു.   

Last Updated : Dec 12, 2019, 03:50 PM IST
സ്വര്‍ണ്ണക്കടത്ത് കേസ്: ഒളിവില്‍ പോയ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ കസ്റ്റംസ് ഓഫീസര്‍ അറസ്റില്‍. 

ഒളിവില്‍ കഴിഞ്ഞിരുന്ന രാധകൃഷ്ണനെയാണ് സിബിഐ പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ് നടത്തിയത്. 

രാധാകൃഷ്ണനടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരം നേരത്തെ തന്നെ കോടതി കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നു. 

അതിന്‍റെ അടിസ്ഥാനത്തില്‍ കരുതലല്‍ തടങ്കലില്‍ വയ്ക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്  അല്‍പ്പസമയത്തിനുള്ളില്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമാണ് അറസ്റ്റെന്നതിനാല്‍ കുറഞ്ഞത് ഒരുവര്‍ഷത്തോളം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ രാധാകൃഷ്ണന് സാധിക്കില്ല. അതുകൊണ്ടുതന്നെ ഒളിവിലിരിക്കെതന്നെ ഇത് ഒഴിവാക്കാന്‍ രാധാകൃഷ്ണന്‍ ശ്രമിച്ചിരുന്നു. 

ഇതിനിടെ സിബിഐ കേസെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അല്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നുമുള്ള സിബിഐ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ സിബിഐ ഓഫീസിലേക്ക് തിരിച്ചത്.

ഇതിനിടയിലാണ് പൊലീസ് രാധാകൃഷ്ണനെ നാടകീയമായി അറസ്റ്റു ചെയ്തത്. ഈ അറസ്റ്റോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബാലഭാസ്‌കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടുമെന്നാണ് കരുതുന്നത്. 

മാത്രമല്ല രാധാകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് ബാലഭാസ്കറാണെന്ന്‍അറസ്റ്റിലായ വിഷ്ണു സോമസുന്ദരം ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 705 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനായി പ്രതികള്‍ക്ക് കൂട്ടുനിന്നത് ബി. രാധാകൃഷ്ണനാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു.

പ്രതികള്‍ സ്വര്‍ണവുമായി വന്നിരുന്ന സമയത്തെല്ലാം എക്‌സ് റെ പരിശോധന നടത്തിയിരുന്നത് ബി. രാധാകൃഷ്ണനായിരുന്നു. ഈ കാലയളവിലാണ് പ്രതികള്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം കടത്തിയിരുന്നത്.

വാഹനാപകടത്തില്‍ മരണപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്‍റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ജമീല്‍ ജബ്ബാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്. 

അഡ്വക്കേറ്റ് ബിജു മനോഹര്‍ ആണ് കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും. മേയ് പതിമൂന്നിന് 25 കിലോ സ്വര്‍ണം കടത്തിയതിന് സെറീന എന്ന സ്ത്രീ പിടിയിലായതോടെയാണ് വിമാനത്താവളം വഴി നടക്കുന്ന വന്‍ തോതിലുള്ള സ്വര്‍ണക്കടത്തിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

Trending News