എം. കെ. രാഘവനെതിരായ ഒളിക്യാമറ വിവാദം; തീരുമാനം ഇന്ന്

കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കുമെന്ന് സൂചന. 

Last Updated : Apr 20, 2019, 12:25 PM IST
എം. കെ. രാഘവനെതിരായ ഒളിക്യാമറ വിവാദം; തീരുമാനം ഇന്ന്

തിരുവനന്തപുരം: കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കുമെന്ന് സൂചന. 

ഇന്നലെയാണ് ഈ വിഷയത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയത്. 

അതേസമയം, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറും ഒളിക്യാമറ ഓപ്പറേഷൻ സിപിഎം ഗൂഢാലോചനയാണെന്ന എം കെ രാഘവന്‍റെ വാദത്തെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലീസ് തള്ളി.

ഇതിനിടെ തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു. ഒളിക്യാമറ വിവാദത്തിൽ സമയമാകുമ്പോൾ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം. 

രണ്ട് വ്യത്യസ്ത പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എം. കെ. രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്. കൂടാതെ, ഒളിക്യാമറ ഉപയോഗിച്ച് വാർത്ത ചെയ്ത TV9 ഭാരത് വർഷ് ചാനലും അന്വേഷണപരിധിയിയിലുണ്ട്. ചാനൽ മേധാവിയുടേയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. യഥാർത്ഥ ദൃശ്യങ്ങൾ ചാനലിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.

കോടികള്‍ ചെലവഴിച്ചാണ‌് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ പറഞ്ഞിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. 'ടിവി 9' ചാനലാണ‌് ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളായെത്തി രാഘവനോട് സംസാരിച്ചത‌്. തിരഞ്ഞെടുപ്പ‌് ചെലവുകള്‍ക്ക‌് 5 കോടി രൂപ വാഗ‌്ദാനംചെയ‌്ത ചാനല്‍സംഘത്തോട‌് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി പറഞ്ഞിരുന്നു. 

തിരഞ്ഞെടുപ്പ‌് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന‌് മാത്രം പത്ത‌് ലക്ഷത്തോളം രൂപ ചെലവുണ്ട‌്. 50-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട‌് വെളിപ്പെടുത്തിയിരുന്നു. 

 

 

Trending News