കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്‌ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ദീപക്കിനെ മോശമായി ചിത്രീകരിക്കുന്ന ഏഴ് വീഡിയോകൾ പ്രതി ബസിനുള്ളിൽ വെച്ച് പകർത്തിയതായും ഇത് ഇയാൾക്ക് മാനഹാനിയുണ്ടാക്കുമെന്നും ജീവനൊടുക്കാൻ കാരണമായേക്കാമെന്നും ഉള്ള ബോധ്യത്തോടെയാണ് ഷിംജിത പ്രവർത്തിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
തനിക്ക് നേരെ അതിക്രമം ഉണ്ടായെങ്കിൽ പോലീസിൽ പരാതി നൽകുന്നതിന് പകരം വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് യുവതി ശ്രമിച്ചത്. വിവാദമായതോടെ ഈ ദൃശ്യങ്ങൾ ഫോണിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരുവരും സാധാരണ നിലയിലാണ് ബസിൽ നിന്നും ഇറങ്ങിപ്പോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ, പീഡനശ്രമം നടന്നതായി ബസ് ജീവനക്കാരും മൊഴി നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ മറ്റുള്ളവർക്ക് പ്രേരണയാകുമെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രതി തന്റെ ഫോണിൽ നിന്നും നീക്കം ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടെടുക്കാനും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള അന്വേഷണ ഘട്ടത്തിൽ പ്രതിയെ റിമാൻഡ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
അതേസമയം, ദീപക്കിനെതിരെ കൗണ്ടർ പരാതിയുമായി ഷിംജിതയുടെ കുടുംബം രംഗത്തെത്തി. ദീപക്ക് ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിതയുടെ സഹോദരൻ പയ്യന്നൂർ പോലീസിന് ഇ-മെയിൽ വഴി പരാതി നൽകി. നിലവിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിതയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









