അശ്ലീല പരാമർശം: എ. വിജയരാഘവനെതിരെ കേസെടുക്കില്ല

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. 

Last Updated : Apr 20, 2019, 11:58 AM IST
അശ്ലീല പരാമർശം: എ. വിജയരാഘവനെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. 

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് പൊലീസിനോട് കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം എസ്‍പി തൃശ്ശൂർ റേഞ്ച് ഐജിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. 

പൊന്നാനിയിൽ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്‍റെ പ്രസംഗം ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെന്ന നിലയിൽ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നായിരുന്നു രമ്യ ഹരിദാസ് പൊലീസിൽ നല്‍കിയ പരാതി.

എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഈ രണ്ടു പരാതികളിലും തിരൂർ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 

''സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല...'', ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍. 

അതേസമയം, തെറ്റായ നടപടിയാണ് പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കേണ്ടെന്ന് പറഞ്ഞത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും എം.കെ രാഘവനെ വേട്ടയാടി അദ്ദേഹത്തെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കേസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമ്യക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 

Trending News