കൊച്ചി: എരുമേലി പേട്ടതുള്ളലില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ഹൈക്കോടതി. വിവരങ്ങള്‍ പത്തനംതിട്ട എസ്പിക്ക് കൈമാറണമെന്നും പേട്ടതുള്ളലിന് തടസം വരാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പേട്ട തുളളലില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചശേഷം പൊലീസ് പ്രത്യേക തിരിച്ചറിയല്‍ രേഖ തയാറാക്കി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പേട്ട തുളളലിന് യാതൊരുവിധ തടസവും ഉണ്ടാകരുതെന്നും ഇടക്കാല ഉത്തരവിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദേശം.


ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. അന്നേദിവസം തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 14 നാണ് മകരവിളക്കും മകരജ്യോതി ദര്‍ശനവും. മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു.


സന്നിധാനത്ത് കൊല്ലം കമ്മീഷണര്‍ പികെ മധു, നെടുമങ്ങാട് എഎസ്പി സുജിത്ത് ദാസ്, പമ്പയില്‍ തിരുവനന്തപുരം ഡിസിപി ആര്‍ ആദിത്യ, ക്രൈംബ്രാഞ്ച് എസ്പി ബി.കെ പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍ഗോഡ് എസ്പി ഡോ.ശ്രീനിവാസ്, വി.ജി.വിനോദ്കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍. എരുമേലിയില്‍ ചൈത്ര തെരേസ ജോണിനാണ് ചുമതല.