ദര്‍ശനം നടത്താന്‍ യുവതികള്‍; അറിയില്ലെന്ന് മന്ത്രി

ശബരിമല ദര്‍ശനം നടത്താന്‍ പമ്പയിലെത്തിയ പത്ത് യുവതികളെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Sneha Aniyan | Updated: Nov 17, 2019, 06:12 PM IST
ദര്‍ശനം നടത്താന്‍ യുവതികള്‍; അറിയില്ലെന്ന് മന്ത്രി

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്താന്‍ പമ്പയിലെത്തിയ പത്ത് യുവതികളെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

ശബരിമല യുവതി പ്രവേശന൦ സുപ്രീ൦ കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് യുവതികള്‍ ദര്‍ശനത്തിനായി പമ്പയിലെത്തിയത്. 

ശബരിമല വിഷയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്.  

ആന്ധ്രാപ്രദേശ്‌ വിജയവാഡ സ്വദേശികളായ യുവതികള്‍ ദര്‍ശനത്തിനായി പമ്പയിലെത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇവരുടെ പ്രായം പരിശോധിച്ച പോലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചിരുന്നു. 

അതേസമയം യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും നിയമ മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. ഇതേ നിലപാടുകളാണ് ദേവസ്വം മന്ത്രിയും ആവര്‍ത്തിച്ചത്. 

ശബരിമല വിധിയില്‍ വ്യക്തത വരുന്നത് വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. 

കൂടാതെ, ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്ന് അവലോകന യോഗം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആശങ്കകളില്ലാത്ത ദര്‍ശനകാലമാകും ഭക്തര്‍ക്ക് ഇത്തവണയുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് വരനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. 

ശബരിമല ദര്‍ശനത്തിന് പ്രത്യേക സംരക്ഷണം വേണ്ട സ്ത്രീകല്‍ കോടതി ഉത്തരവുമായി എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നായിരുന്നു വിധി വരുന്നതിനു മുന്‍പ് കടകംപള്ളി പറഞ്ഞിരുന്നത്. 

വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച്‌ പരമോന്നത നീതിപീഡത്തിന്‍റെ വിധി അംഗീകരിക്കുമെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.