കൂടത്തായി കൊലപാതക കേസ് തെളിയിച്ച പൊലീസുകാരെ അഭിനന്ദിച്ച് ഡിജിപി

കേരളാ പൊലീസിന്‍റെ മികച്ച ബുദ്ധിവൈഭവമാണ് ഈ കേസിന്‍റെ ചുരുളഴിയിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.   

Ajitha Kumari | Updated: Oct 6, 2019, 10:22 AM IST
കൂടത്തായി കൊലപാതക കേസ് തെളിയിച്ച പൊലീസുകാരെ അഭിനന്ദിച്ച് ഡിജിപി

തിരുവനന്തപുരം: കൂടത്തായിയിലെ ആറുപേരുടെ മരണത്തിനിടയാക്കിയ കേസ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ഡിജിപി ലോക്നാഥ് ബെഹ്‌റ രംഗത്തെത്തി.

കേരളാ പൊലീസിന്‍റെ മികച്ച ബുദ്ധിവൈഭവമാണ് ഈ കേസിന്‍റെ ചുരുളഴിയിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യ തെളിവുകളും ശാസ്ത്രീയ മികവും മാത്രം കൈമുതലാക്കി കേരളാ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഈ ഹീന കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.

ഊണും ഉറക്കവും കളഞ്ഞ് ഈ കേസിന്‍റെ പിന്നാലെ പാഞ്ഞ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ഐപിഎസ്, കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്പി സുബ്രഹ്മണ്യന്‍ റ്റി.കെ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍.ആര്‍ എന്നിവരെയും അവരോടൊപ്പം പ്രവര്‍ത്തിച്ച മറ്റു പൊലീസ് ഫോറന്‍സിക് ഉദ്യോഗസ്ഥരെയും താന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നുവെന്ന് ഡിജിപി പറഞ്ഞു. 

ഈ സംഭവം കേരളാ പൊലീസിന്‍റെ മികവിനെയാണ് കാണിക്കുന്നതെന്നും ഡിജിപി പറഞ്ഞു. ഈ കേസ് തെളിയിക്കാന്‍ നടത്തിയ കേരളാ പൊലീസിന്‍റെ പ്രയത്നം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. 

ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ പൊലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തായാലും കേസിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് വരും ദിവസങ്ങളില്‍ തെളിയുമെന്ന കാര്യത്തില്‍ സംശയമില്ല. 

കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി, ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു, മാത്യുവിന്‍റെ സുഹൃത്ത് സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെ പതിനാല് ദിവസത്തേയ്ക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ ചെയ്തു. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.