Ravada Chandrasekhar new DGP: വിവാദങ്ങള്‍ക്ക് അന്ത്യം; റവാഡ ചന്ദ്രശേഖര്‍ പുതിയ പോലീസ് മേധാവി, മന്ത്രിസഭാ തീരുമാനം

Ravada Chandrasekhar new DGP: തലശ്ശേരി എഎസ്പി ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങിയത്. ആന്ധ്ര സ്വദേശിയാണ് റവാഡ ചന്ദ്രശേഖർ.

Written by - Zee Malayalam News Desk | Last Updated : Jun 30, 2025, 10:38 AM IST
  • കേരളത്തിന്റെ 41-ാം പോലീസ് മേധാവിയായി ചുമതലയേൽക്കും
  • നിലവിൽ ഐബി സ്പെഷ്യൽ ആണ് റവാഡ ചന്ദ്രശേഖർ
  • ഷേഖ് ദർവേസ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം
Ravada Chandrasekhar new DGP: വിവാദങ്ങള്‍ക്ക് അന്ത്യം; റവാഡ ചന്ദ്രശേഖര്‍ പുതിയ പോലീസ് മേധാവി, മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ആരായിരിക്കും അടുത്ത പോലീസ് മേധാവി എന്ന ചോദ്യത്തിനും വിവാദങ്ങള്‍ക്കും അവസാനം. റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയാകും. 41-ാം പോലീസ് മേധാവി ആയിട്ടാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Add Zee News as a Preferred Source

ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തില്‍ ആണ് പുതിയ ഡിജിപിയെ തിരഞ്ഞെടുത്തത്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ച് വരികയാണ് റവാഡ ചന്ദ്രശേഖര്‍. പുതിയ ഡിജിപി ആയി അദ്ദേഹം ഇന്ന് ചുമതലയേല്‍ക്കും. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനമായത്.

1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. തലശ്ശേരി എഎസ്പി ആയാണ് കേരളത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. 

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ആയിരുന്നു റവാഡ ചന്ദ്രശേഖര്‍ ഉണ്ടായിരുന്നത്. യുപിഎസ് സി അംഗീകരിച്ച പട്ടികയില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറായ നിധിന്‍ അവഗര്‍വാളും യോഗേഷ് ഗുപ്തയും ഉണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ സീനിയോരിറ്റി അവകാശപ്പെട്ടത് നിധിന്‍ അഗര്‍വാളിനായിരുന്നു. യോഗേഷ് ഗുപ്തയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അത്ര നല്ല ബന്ധത്തിലും ആയിരുന്നില്ല. 

നിലവില്‍ ദില്ലിയില്‍ ആണ് റവാഡ ചന്ദ്രശേഖര്‍ ഉള്ളത്. 2008 മുതല്‍ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരുകയായിരുന്നു. ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ അദ്ദേഹം കേരളത്തിലെത്തി ചുമതലയേല്‍ക്കും. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി. 

എഡിഡിപി പത്മകുമാര്‍, മനോജ് എബ്രഹാം എന്നിവരുടെ പേരുകള്‍ ആക്ടിംഗ് ഡിജിപി പദവിയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നു. ആ വിവാദത്തിന് പുതിയ ഉത്തരവോടെ അവസാനമായിട്ടുണ്ട്. എന്നാല്‍ റവാഡ ചന്ദ്രശേഖറിന്റെ പേര് മറ്റൊരു വിവാദത്തിന് കൂടി വഴിമരുന്നിട്ടിട്ടുണ്ട്. കൂത്തുപറമ്പ് വെടിവപ്പ് കേസില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു റവാഡ. 1994 നവംബര്‍ 25 ന് ആയിരുന്നു വിവാദമായ ആ സംഭവം അരങ്ങേറിയത്. അന്നത്തെ വെടിവപ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ ഏറെക്കാലത്തെ ദുരിത ജീവിതത്തിന് ശേഷം അടുത്ത കാലത്താണ് മരിച്ചത്. സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നായിരുന്നു പുഷ്പന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News