അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ. 

Last Updated : Feb 18, 2019, 10:43 AM IST
അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ. 

ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇത് ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുകയെന്നും ഡിജിപി പറഞ്ഞു. 

ഇന്നു തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൂടാതെ, സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐജി മാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതായാണ് റിപ്പോര്‍ട്ട്‌. തലസ്ഥാനത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. സംഭവത്തില്‍ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.

പതിവ് ഹര്‍ത്താലുകളില്‍നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം നഗരം ഇപ്പോഴും തിരക്കിലാണ്. എന്നാല്‍ ആറ്റുകാൽ പൊങ്കാല പ്രമാണിച്ചു തിരുവനന്തപുരം നഗരത്തിലെ കടകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. 

എറണാകുളം ജില്ലിയിലെ ചിലയിടങ്ങളില്‍ ബസുകള്‍ അനുകൂലികള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നു. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. കൊച്ചി നഗരത്തെ ഹര്‍ത്താല്‍ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. 

എന്നാല്‍ കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോൺഗ്രസ്സ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. 

 

Trending News