തിരുവനന്തപുരം: പിന്‍സീറ്റ് ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള ട്രാഫിക് നിയമങ്ങള്‍ ഇന്ന് മുതല്‍ കൂടുതല്‍ കര്‍ശനമാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി ലോക്നാഥ്‌ ബെഹ്റ. 


പരിശോധനാ വേളയിൽ വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുതെന്നും ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാൻ പാടില്ലെന്നും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. 


പകരം, വാഹന പരിശോധനകൾ നടത്തുമ്പോൾ അതിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തണമെന്നും നിര്‍ദേശമുണ്ട്.


എസ്ഐ അടക്കമുള്ള നാല് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തേണ്ടതെന്നും 
ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ ജില്ലാ പൊലീസ് മേധാവിക്കായിരിക്കും ഉത്തരവാദിത്തമെന്നും അദ്ദേഹം അറിയിച്ചു. 


സംഘത്തിലെ ഒരാൾ വേണം പരിശോധനയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.


ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും പൊലീസുകാരന് സസ്‌പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ചന്ദ്രമോഹനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. 


അതേസമയം, സംസ്ഥാനത്ത് ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. 


നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ്‌ നടപടി. 


കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു


പിഴ ഒഴിവാക്കിയുള്ള ബോധവത്കരണമാകും ആദ്യ ഘട്ടമെന്നും ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കാനുമാണ് തീരുമാനം.


ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂ​പയാണ് സര്‍ക്കാര്‍ പി​ഴ ഈ​ടാ​ക്കുന്നത്. കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പിഴ 1000 രൂപയാക്കും. എന്നിട്ടും ലംഘനം തുടര്‍ന്നാല്‍ ലൈ​സ​ന്‍​സ് റദ്ദാക്കും. 


പി​ഴ അ​ട​യ്ക്കാ​ത്ത​വ​ര്‍​ക്ക് വാ​ഹ​ന്‍ (Vahan) സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തും. പി​ഴ അ​ട​യ്ക്കാ​തെ ഇ​വ​ര്‍​ക്കു വാ​ഹ​ന സം​ബ​ന്ധ​മാ​യ മ​റ്റു സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല.


നിരത്തുകളില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ചെയ്ത് കംപ്യൂട്ടര്‍ സഹായത്തോടെ പിഴ നോട്ടീസ് തയാറാക്കുന്ന സംവിധാനവും ഉടന്‍ പ്രാവര്‍ത്തികമാകും. 


ഗതാഗത നിരീക്ഷണത്തിനായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് സിസ്റ്റത്തിനായുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. 


സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് 800 സ്മാര്‍ട്ട് ക്യാമറകള്‍ വരുന്നത്