ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനം

വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.

Last Updated : Dec 16, 2018, 10:15 AM IST
ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പഴയ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2020 മാർച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എൻ.ജിയിലേക്കോ മാറണമെന്നാണ് നിർദേശം. 

അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായി വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇലക്‌ട്രിക്, സിഎന്‍ജി, എല്‍എന്‍ജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ ഇനി പെര്‍മിറ്റ് നല്‍കുകയുളളൂ.

സിറ്റി പെർമിറ്റ് നിലനിർത്തണമെങ്കിൽ ഉടമകൾ പുതിയ ഇ-റിക്ഷകൾ വാങ്ങുകയോ സി.എൻ.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിർമ്മാതാക്കളുടെ മോഡലുകൾക്ക് സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

വൈദ്യുതി ഓട്ടോറിക്ഷകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.

2000-നു മുമ്പ് പെട്രോൾ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിന്‍റെ ഇ-റിക്ഷ ഉടൻ വിപണയിലെത്തും. 

പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തിൽപ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തിൽപ്പെട്ട ഡീസൽ ഓട്ടോറിക്ഷകൾക്കാണ് നിരോധനം ബാധകമാകുക. 

വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നത് തടയാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

വൈദ്യുത വാഹന നയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതിൽ പകുതിയിലധികം ഡീസലിൽ ഓടുന്നവയാണ്. 

ആറുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ പൂർണമായി വൈദ്യുതിയിലേക്കു മാറ്റും. 
 

Trending News