ദിശാ നിയമം വേണ്ടിവന്നാല്‍ കേരളത്തിലും നടപ്പിലാക്കും: കെ.കെ.ശൈലജ

ഇന്നലെയാണ് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 'ദിശാ നിയമം' പാസാക്കിയത്.   

Ajitha Kumari | Updated: Dec 14, 2019, 02:28 PM IST
ദിശാ നിയമം വേണ്ടിവന്നാല്‍ കേരളത്തിലും നടപ്പിലാക്കും: കെ.കെ.ശൈലജ

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന 'ദിശ നിയമം' വേണ്ടിവന്നാല്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

നിലവില്‍ കേരളത്തിലെ നിയമം കടുത്തതാണെന്നും എന്നാല്‍ ശിക്ഷ പ്രാവര്‍ത്തികമാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് വീഴ്ച സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഈ നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ കുറേക്കാര്യങ്ങള്‍ കൂടി ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

എങ്കിലും ആവശ്യത്തിന് ഉപയോഗിക്കാന്‍ ദിശാ നിയമത്തിന്‍റെ സാധ്യതകള്‍ പഠിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ അത് കേരളത്തില്‍ നടപ്പാക്കുന്നതില്‍ വിരോധമില്ലയെന്നും മന്ത്രി പറഞ്ഞു. 

ഇന്നലെയാണ് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 'ദിശാ നിയമം' പാസാക്കിയത്. 

നിയമ പ്രകാരം ലൈംഗിക പീഡന കുറ്റവാളികള്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിക്കുന്നതാണ് ആന്ധ്രാപ്രദേശ്‌ ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് 2019.

ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങിയ ക്രൂരതകളില്‍ കുറ്റവാളികളായി കണ്ടെത്തുന്നവര്‍ക്ക് 21 ദിവസത്തിനകം ശിക്ഷ പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് ഈ ദിശ ബില്‍.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള രണ്ട് ബില്ലുകള്‍ക്കും ആന്ധ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ഇങ്ങനെയാണ് 21 പ്രവൃത്തി ദിനങ്ങള്‍ക്കകം അന്തിമവിധി പുറപ്പെടുവിക്കാനുള്ള വഴിയൊരുങ്ങുന്നത്.

എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കാനും ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് അതിക്രമം, പൂവാല ശല്യം, ലൈംഗിക പീഡനം, പോക്‌സോ പ്രകാരമുള്ള കേസുകള്‍ എന്നിവയാണ് ഈ കോടതികള്‍ പരിഗണിക്കുക.

സമൂഹ മാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്‌സോ കേസുകളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.