ആശങ്കപ്പെടേണ്ടതില്ല; ആലുവയില്‍ സുരക്ഷ ശക്തം

ആര്‍മി എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ 32 അംഗ സംഘമാണ് ആലുവയില്‍ എത്തിയത്. പെരിയാറിന് മുകളില്‍ ആകാശ നിരീക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.

Updated: Aug 10, 2018, 05:51 PM IST
ആശങ്കപ്പെടേണ്ടതില്ല; ആലുവയില്‍ സുരക്ഷ ശക്തം

കൊച്ചി: 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറക്കുന്നത്. 

എല്ലാ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നത് പുരോഗമിക്കുമ്പോഴും ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ താഴുന്നില്ല.

ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ അഞ്ചാമത്തെ ഷട്ടറും ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുറക്കുകയായിരുന്നു. പുറത്തുവിടുന്ന വെള്ളത്തിന്‍റെ അളവ് അഞ്ചുമണിയോടെ ഏഴര ലക്ഷം ലിറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്.

കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം നാലുമണിയോടെ ഡാമിലെ ജലനിരപ്പ്‌ 2401.76 അടിയായി ഉയര്‍ന്നു. 2403 അടിയാണ് ഡാമിന്റെ പരമാവധി ശേഷി. 

എന്നാല്‍ ഡാമിലേക്ക് സെക്കന്റില്‍ ഏഴര ലക്ഷം മുതല്‍ ഒമ്പത് ലക്ഷം ലിറ്റര്‍ വരെ വെള്ളമാണ് ഒഴുകിയെത്തുന്നത്. ചെറുതോണി അണക്കെട്ടില്‍ നിന്നും ഇനിയും കൂടുതല്‍ വെള്ളം തുറന്നുവിടാനും സാധ്യതയുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുകി എത്തുന്ന ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി. ആര്‍മി എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ 32 അംഗ സംഘമാണ് ആലുവയില്‍ എത്തിയത്. പെരിയാറിന് മുകളില്‍ ആകാശ നിരീക്ഷണത്തിന് കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.