മലയാളികള്‍ ഇറച്ചി കഴിക്കരുത്, മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാകണം; നിര്‍ദ്ദേശവുമായി വിഎച്ച്പി

വലിയ അളവിലുള്ള ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്ന്.

Last Updated : Jun 26, 2018, 08:29 PM IST
മലയാളികള്‍ ഇറച്ചി കഴിക്കരുത്, മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാകണം; നിര്‍ദ്ദേശവുമായി വിഎച്ച്പി

ന്യൂഡല്‍ഹി: മലയാളികള്‍ ഇറച്ചി കഴിക്കരുതെന്നും മത്സ്യം മാത്രം കഴിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശവുമായി വിഎച്ച്പി നേതാവ് അലോക് കുമാര്‍.

'കേരളം ഒരു തീരദേശ സംസ്ഥാനമാണ്. അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഇറച്ചി കഴിക്കുന്നതിനു പകരം മത്സ്യം ശീലമാക്കണം. വലിയ അളവിലുള്ള ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്ന്. അതിനാല്‍ത്തന്നെ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ നിങ്ങള്‍ തയ്യാറാകണം.'. ഡല്‍ഹിയില്‍ ചേര്‍ന്ന വിഎച്ച്പി ഗവേണിംഗ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അലോക് കുമാര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്ന മൃഗമാണ് പശു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കശാപ്പ് നിരോധനത്തിനും ഗോവധത്തിനും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. ചില സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും മറ്റ് ചില സംസ്ഥാനങ്ങള്‍ ഭാഗികമായുമാണ് നിയമം നടപ്പിലാക്കുന്നത്. അദ്ദേഹം സൂചിപ്പിച്ചു. 

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ അലോക് കുമാര്‍, അയോദ്ധ്യ കേസ് സുപ്രീം കോടതിയില്‍ ദിവസവും പരിഗണിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും അതുകൊണ്ട് ഈ വര്‍ഷം അവസാനത്തോടെ തന്നെ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News