ദില്ലി/കൊച്ചി: നടനും സംവിധായകനും നിര്‍മാതാവും ആയ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. എമ്പുരാന്‍ വിവാദത്തിന് പിറകെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിന് തൊട്ടടുത്ത ദിവസം ആണ് പൃഥ്വിരാജിന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് അയച്ചിരിക്കുന്നത്.
പൃഥ്വിരാജിന് നോട്ടീസ് അയച്ചത് 2022 ലെ നടപടിക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് എന്നാണ് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജും ഇതേപ്പറ്റി പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. പൃഥ്വിരാജിനെതിരെ അതി രൂക്ഷമായ വിമര്‍ശനമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഉയര്‍ത്തിയിരുന്നത്.
കൊച്ചിയിലെ ആദായനികുതി വകുപ്പ് അസസ്മെന്റ് വിഭാഗം ആണ് പൃഥ്വിരാജിന് നോട്ടീസ് അയച്ചിരിക്കുന്നത്. കടുവ, ഗോൾഡ്, ജനഗണമന എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിർമാതാവ് എന്ന നിലയിൽ 40 കോടി രൂപ കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ പണം കൈപ്പറ്റിയത് സംബന്ധിച്ച് ഏപ്രിൽ 29 ന് അകം വിശദീകരണം നൽകണം എന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
എന്തായാലും പൃഥ്വിരാജ് ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നാണ് വിവരം. പൃഥ്വിരാജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല എന്നാണ് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്യുന്നത്. പൃഥ്വിരാജിനോട് അടുത്ത വൃത്തങ്ങളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മലയാള സിനിമയിൽ നടൻ എന്നതിനപ്പുറം സംവിധായകനും നിർമാതാവും വിതരണക്കാരനും എല്ലാം ആണ് പൃഥ്വിരാജ്. സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും കഴിവുതെളിയിച്ച ആളും ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ഇപ്പോൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിറകെയാണ് സംഘപരിവാർ അനുകൂലികൾ പൃഥ്വിരാജിനും സിനിമയ്ക്കും എതിരെ രംഗത്തെത്തിയത്. ഗുജറാത്ത് കലാപം ദൃശ്യവത്കരിച്ചതും ദേശീയ ഏജൻസികളെ കേന്ദ്ര സർക്കാർ പകപോക്കലിന് ഉപയോഗിക്കുന്നു എന്ന പരാമർശവും ഒക്കെയാണ് സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചത്.
പൃഥ്വിരാജിന് ദേശവിരുദ്ധ നിലപാടുകളാണ് ഉള്ളത് എന്ന ഗുരുതര ആരോപണമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ഉന്നയിച്ചത്. തിരുത്തലുകൾ വരുത്തിയത് ശേഷവും എമ്പുരാൻ ദേശവിരുദ്ധ സിനിമയാണെന്നും ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. പൃഥ്വിരാജിനെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കണമെന്നും സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നും യുവമോർച്ച നേതാവ് ആവശ്യപ്പെട്ടതും വലിയ വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









