പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളും കേരള സിനിമ ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. രണ്ടാം സിനിമയായ എമ്പുരാന്‍, സംഘപരിവാര്‍ വമര്‍ശനങ്ങളുടെ വേട്ടേറ്റും വീഴാതെ കുതിച്ചുകൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ വിമര്‍ശനങ്ങളുടേയും സൈബര്‍ ആക്രമണങ്ങളുടേയും ഫലമായി സിനിമയില്‍ റീ എഡിറ്റിങ്ങും നടന്നു. പുതുക്കിയ പതിപ്പ് ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ഗുജറാത്ത് കലാപം മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷത്തേയും വലുതുപക്ഷത്തേയും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട് ലൂസിഫര്‍ ഫ്രാഞ്ചൈസി. എന്നാല്‍ കേരളത്തിലെ സിപിഎമ്മോ കോണ്‍ഗ്രസോ അതിനെതിരെ ഒരുതരത്തിലും രംഗത്തെത്തിയിട്ടില്ല. ഫ്രാഞ്ചൈസി സിനിമകളില്‍ ഏറ്റവും അധികം പരിഹാസം നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി സിപിഎമ്മും നേതാവ് പിണറായി വിജയനും ആണെന്ന് വേണമെങ്കില്‍ പറയാം. എന്നാലും ഈ വിവാദകാലത്ത് എമ്പുരാന് ഏറ്റവും വലിയ പിന്തുണ നല്‍കിപ്പോരുന്നതും ഇടതുപക്ഷവും സിപിഎമ്മും ഒക്കെ തന്നെയാണ്.
ഇപ്പോള്‍ എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് സിപിഎമ്മിന്റെ രാജ്യസഭ എംപി എഎ റഹീം. സഭാനടപടികള്‍ നിര്‍ത്തിവച്ച് എമ്പുരാനെതിരെയുള്ള വിവാദം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് റഹീം രാജ്യസഭ അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ട്. എമ്പുരാനെതിരെ നടക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും സംഘപരിവാര്‍ ആണ് ഇതിന് പിന്നില്‍ എന്നും റഹീം ആരോപിക്കുന്നു.
മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ നടക്കുന്നത് സംഘടിത ആക്രമണം ആണെന്നും എഎ റഹീം പറയുന്നു. ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനം ആണ്. മഹാരാഷ്ട്രയിലെ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കര്‍മയ്‌ക്കെതിരെ ശിവസേന നടത്തുന്ന ആക്രമണവും സമാനമാണെന്ന് എഎ റഹീം പറയുന്നു. ഈ സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നാണ് രാജ്യസഭ അധ്യക്ഷന് നല്‍കിയ കത്തില്‍ പറയുന്നത്.
വിവാദം ആളിപ്പടരുന്നുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ എമ്പുരാന്‍ വിജയം തുടരുകയാണ്. അഞ്ച് ദിവസം കൊണ്ട് 200 കോടി ആഗോള കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമ എന്ന അത്യപൂര്‍വ്വ റെക്കോര്‍ഡും സ്വന്തമാക്കി. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ മൂന്നാം സ്ഥാനം എന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇതിനിടെ എമ്പുരാന്റെ കിരീടത്തിലെ പൊന്‍തൂവലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്









