close

News WrapGet Handpicked Stories from our editors directly to your mailbox

'എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം', മുഖ്യമന്ത്രി

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ നാല് മലയാളി ജീവനക്കാരും ഉള്‍പ്പെടുന്നുവെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

Updated: Jul 21, 2019, 06:13 PM IST
 'എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം', മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ നാല് മലയാളി ജീവനക്കാരും ഉള്‍പ്പെടുന്നുവെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇത് സംബന്ധിച്ച് അടിയന്തര സന്ദേശമയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

എണ്ണക്കപ്പലിലുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും കപ്പലില്‍ കുടുങ്ങിയ ജീവനക്കാരുടെ പേര് വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരിനെ അക്കാര്യം അറിയിക്കാന്‍ താത്പര്യപ്പെടുന്നതായും കത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. 

കപ്പലിലുള്ള ആളുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇറാന്‍ ഔദ്യോഗികമായി ഇതുവരെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഔദ്യോഗികമായി വിവരങ്ങള്‍ ലഭിക്കുന്നത് വരെ സ്ഥിരീകരണം നല്‍കാനാവില്ല. അതുകൊണ്ട് തന്നെ കപ്പലിന്‍റെ ഉടമസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും വിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.
അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. 23 പേരാണ് കപ്പലിലുണ്ടായിരുന്നത്.

അതേസമയം, ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലില്‍ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി. ജീവനക്കാര്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാന്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.