ശബരിമല: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് പേട്ടതുള്ളല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

എരുമേലി ചെറിയമ്പലത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. എതിര്‍വശത്തെ വാവര് പള്ളിയില്‍ വലം വച്ച് പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ എത്തുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളല്‍ തുടങ്ങുന്നത്.


സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ ചെറിയമ്പലത്തില്‍ നിന്ന് വാവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികള്‍ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.


ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ പേട്ടതുള്ളലില്‍ പങ്കാളികളാകും. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എര്‍പ്പെടുത്തിയിരിക്കുന്നത്. ആലങ്ങാട് സംഘം ഒരുമിച്ചാണ് ഇത്തവണ പേട്ട തുള്ളാനെത്തിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡും പള്ളി ഭാരവാഹികളും അറിയിച്ചു.