CAA പ്രതിഷേധം: വ്യാജ പ്രചാരണവുമായി ബിജെപി നേതാക്കള്‍!

മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജ പ്രചാരണവുമായി ബിജെപി നേതാക്കള്‍.  

Last Updated : Dec 20, 2019, 04:10 PM IST
CAA പ്രതിഷേധം: വ്യാജ പ്രചാരണവുമായി ബിജെപി നേതാക്കള്‍!

തിരുവനന്തപുരം: മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജ പ്രചാരണവുമായി ബിജെപി നേതാക്കള്‍.  

ആയുധങ്ങളുമായി കേരളത്തില്‍ നിന്നുള്ള 50 ഓളം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ പിടിയിലായെന്ന വാര്‍ത്തയാണ് കെ സുരേന്ദ്രനും ബിഎല്‍ സന്തോഷു൦ പ്രചരിപ്പിച്ചത്. 

കർണാടകയിലെ മാധ്യമത്തിന്‍റെ ചിത്രമടക്കം ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. 

ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതെന്നും ‘മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്’ എന്നുമാണ് പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. 

കര്‍ണ്ണാടകയിലെ ഒരു ഇംഗ്ലീഷ് ചാനലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

'ഇപ്പോഴും നിങ്ങള്‍ക്കിതിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തെയും കുറിച്ച്‌ എന്തെങ്കിലും സംശയമുണ്ടോ?' എന്ന ചോദ്യമാണ് വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ബിഎല്‍ സന്തോഷ് ചോദിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി. 

വ്യാഴാഴ്ച മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിയ്ക്ക് സമീപത്ത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മാധ്യമ പ്രവര്‍ത്തകരുടെ ജോലി നിര്‍വണത്തിന് തടസ്സം നിന്നതിന് പുറമെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ഇതിനെതിരെ കേരളത്തിലടക്കം വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കളുടെ മനുഷത്വരഹിതമായ പ്രചാരണം. രാവിലെ പൊലീസ് കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു.

Trending News