കുട്ടനാടിനായി പിടിമുറുക്കി മാണി - ജോസഫ് ഗ്രൂപ്പുകള്‍ ...

കുട്ടനാട് എംഎല്‍എ തോമസ്‌ ചാണ്ടിയുടെ നിര്യാണത്തോടെ മണ്ഡലത്തില്‍  ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. എന്നാല്‍, ഒപ്പം മണ്ഡലത്തില്‍ അധികാര വടം വലിയും ആരംഭിച്ചതായാണ് സൂചന.

Sheeba George | Updated: Dec 26, 2019, 06:27 PM IST
കുട്ടനാടിനായി പിടിമുറുക്കി മാണി - ജോസഫ് ഗ്രൂപ്പുകള്‍ ...

കോട്ടയം: കുട്ടനാട് എംഎല്‍എ തോമസ്‌ ചാണ്ടിയുടെ നിര്യാണത്തോടെ മണ്ഡലത്തില്‍  ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. എന്നാല്‍, ഒപ്പം മണ്ഡലത്തില്‍ അധികാര വടം വലിയും ആരംഭിച്ചതായാണ് സൂചന.

ആറ് മാസത്തിനകം കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. എന്നാല്‍, അതിനുള്ള ചര്‍ച്ചകള്‍ മുന്നണികള്‍ ഇതിനോടകം ആരംഭിച്ചതായാണ് സൂചനകള്‍. കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ് കൂടാതെ യുഡിഎഫും തങ്ങളുടെ സ്ഥാനാര്‍ഥിയ്ക്കായി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞതായാണ് സൂചന. 

2006 മുതല്‍ കുട്ടനാട്ടില്‍ നിന്നും വിജയം നേടിയത് എന്‍സിപിയുടെ തോമസ്‌ ചാണ്ടിയെങ്കിലും മണ്ഡലത്തില്‍ വളരെകാലമായി ജോസഫ് ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥിയാണ് യുഡിഎഫിനായി മത്സരിച്ചിരുന്നത്. കേരള കോണ്‍ഗ്രസിലെ കെസി ജോസഫിനെ അട്ടിമറിച്ചു കൊണ്ടാണ് 2006 ല്‍ കുട്ടനാട്ടില്‍ നിന്നും തോമസ് ചാണ്ടി ആദ്യമായി നിയമസഭയില്‍ എത്തുന്നത്.

എന്‍സിപിയുടെ കാര്യമായ ശേഷിയൊന്നുമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ക്കൊപ്പം തന്‍റെ വ്യക്തിബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചായിരുന്നു തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയിച്ചു വന്നിരുന്നത്.

എന്നാല്‍, ഇപ്പോള്‍ കുട്ടനാടിന്‍റെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ പോലെ ആശങ്കയിലാണ്. സിറ്റി൦ഗ് സീറ്റില്‍ വിജയിക്കുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 2006 മുതല്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന തോമസ്‌ ചാണ്ടിയ്ക്ക് പകരം അത്രയും ജനസമ്മിതിയുള്ള മറ്റൊരാളെ കണ്ടെത്തുക എന്നതാണ് എല്‍ഡിഎഫ് നേരിടുന്ന മുഖ്യ പ്രശ്നമെങ്കില്‍ എങ്ങനെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും എന്നതാണ് യുഡിഎഫ് നേരിടുന്ന പ്രശ്നം. 

എന്നാല്‍, പാര്‍ട്ടിയില്‍ നടക്കുന്ന ഗ്രൂപ്പ് വഴക്കും, രണ്ടില ചിഹ്നത്തിനായി നടത്തുന്ന പിടിവലിയും കുട്ടനാട് രാഷ്ട്രീയം മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചിരിയ്ക്കുകയാണ്.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി മത്സരിച്ചു വരുന്ന സീറ്റാണ് കുട്ടനാട്. രൂക്ഷമായ ജോസഫ്-ജോസ് പക്ഷ പോര് കുട്ടനാട്ടിലും തലവേദന സൃഷ്ടിക്കുമോയെന്നാണ് യുഡിഎഫിന്‍റെ ആശങ്ക. കാരണം, പാലായിലെ കുത്തക മണ്ഡലം കേരള കോണ്‍ഗ്രസിലെ പോര് മൂലം നഷ്ടപ്പെട്ടതിന്‍റെ ദുരനുഭവം യുഡിഎഫിന് മുന്നിലുണ്ട്.

ഈ വിഷയത്തില്‍ യുഡിഎഫ് കൃത്യമായ മുന്നറിയിപ്പ് മാണി ഗ്രൂപ്പിന് നല്‍കുന്നുണ്ടെങ്കിലും പാലായില്‍ കണ്ട പോര് കുട്ടനാട്ടിലും ഉണ്ടാകും എന്നതിന്‍റെ സൂചനകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. 

അതേസമയം, മണ്ഡലത്തില്‍ ജോസഫ്‌ ഗ്രൂപ്പ് തന്നെ മത്സരിക്കുമെന്നാണ് ജോസഫ് പക്ഷം പറയുന്നത്. എന്നാല്‍, എന്ത് വിലകൊടുത്തും മണ്ഡലം കൈക്കലാക്കാനുള്ള ശ്രമത്തിലാണ് ജോസ് കെ മാണി വിഭാഗമെന്നാണ് സൂചന. 

എന്നാല്‍, പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ വരികയും ഇരുവിഭാഗവും സ്ഥാനാര്‍ത്ഥിയുമായി എത്തിയാല്‍ പാര്‍ട്ടി ചിഹ്നം ലഭിക്കുക ജോസഫ് പക്ഷം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്കാവുമെന്നതാണ് മറ്റൊരു വസ്തുത. 

അതേസമയം, പാലായിലെ ദുരനുഭവം മുന്‍നിര്‍ത്തി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരം യുഡിഎഫില്‍ ശക്തമാണ്. 

കഴിഞ്ഞ 20നാണ് തോമസ്‌ ചാണ്ടി അന്തരിച്ചത്‌. 3 തവണ കുട്ടനാട്ടില്‍ നിന്നും നിയമസഭയില്‍ എത്തിയ അദ്ദേഹം പിണറായി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചിരുന്നു. കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2006ല്‍ ഡിഐസിയെ പ്രതിനിധീകരിച്ച് കുട്ടനാട്ടില്‍ ജയിച്ചു.