ചലച്ചിത്ര താരം കലാശാല ബാബു അന്തരിച്ചു

പ്രമുഖ ചലച്ചിത്ര താരം കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു.  മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

Last Updated : May 14, 2018, 11:21 AM IST
ചലച്ചിത്ര താരം കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു.  മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്.

ഒ.മാധവന്‍റെയും കെ.ടി.മുഹമ്മദിന്‍റെയും സഹപ്രവര്‍ത്തകനായിരുന്ന ബാബു  ജോണ്‍ പോളിന്‍റെ ഇണയേത്തേടി (1977) എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. 

തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ ആരംഭിച്ച നാടക ട്രൂപിന് കലാശാല എന്ന് പേരിടുകയും പിന്നീട് സ്വന്തം പേരിനോടൊപ്പം ആ പേര് ചേര്‍ക്കുകയും ചെയ്തു. 

ലോഹിതദാസിന്‍റെ കസ്‌തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളി എന്ന കഥാപാത്രം താരത്തെ  ശ്രദ്ധേയനാക്കി. തുടര്‍ന്ന്, എന്‍റെ വീട് അപ്പൂന്‍റെയും, തൊമ്മനും മക്കളും, റൺവേ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു. ഇരുത്തംവന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികൾക്കു പരിചിതനായ ഇദ്ദേഹം ഏതാണ്ട് 28 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി, വിശ്വനാഥൻ. 

 

Trending News