തിരുവനന്തപുരം: കേരളത്തില്‍ മത്സ്യത്തിന് കടുത്ത ക്ഷാമം. ക്ഷാമം ആകുമ്പോള്‍ സ്വാഭാവികമായും വിലയും കുതിക്കുമല്ലോ. ഇതുതന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയും.
ഫാനി ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം. കടലിലേയ്ക്ക് മത്സ്യത്തോഴിലാളികള്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചൂട് കൂടുതല്‍ ആയതിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നതില്‍ വന്‍ കുറവ് അനുഭവപ്പെട്ടിരുന്നു. അതിന്‍റെ കൂടെ ഈ ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പും വന്നപ്പോള്‍ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു.
വലിയ മീനുകള്‍ മുതല്‍ ചെറിയത് വരെയുള്ള മീനുകളുടെ വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടെ കാര്യം പിന്നെ പറയുകയും വേണ്ടാ. മാത്രമല്ല ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും മേല്‍പ്പോട്ടാണ്.
എന്തായാലും മത്സ്യ പ്രിയര്‍ക്ക് നന്നായി മീന്‍കൂട്ടി ഊണു കുശാലാക്കണമെങ്കില്‍ കീശ കാലിയാവുന്ന അവസ്ഥയാണിപ്പോള്‍. കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.