close

News WrapGet Handpicked Stories from our editors directly to your mailbox

വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരച്ചിലിനിനൊടുവില്‍ മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.  

Updated: Jul 20, 2019, 12:42 PM IST
വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
Representational image

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ നിന്നും കൊല്ലത്തും നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ  ഏഴു പേരില്‍ നാലുപേരെ കണ്ടെത്തി.

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് പേരെയാണ് കണ്ടെത്തിയത്. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളെ കരയിലേക്ക് എത്തിച്ചു. ക്ഷീണിതരായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ചെത്തിയത്. കോസ്റ്റ് ഗാര്‍ഡിന്‍റെ തിരച്ചിലിനൊപ്പം 10 വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങി. തിരച്ചിലിനിനൊടുവില്‍ മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്‍റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. 

പക്ഷെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വള്ളത്തിന്‍റെ ഉടമ തീരദേശ പൊലീസിനെയും മറൈണ്‍ എന്‍ഫോഴ്‌സ്മെന്റിനെയും വിവരം അറിയിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാര്‍ളി 441 എന്ന പെട്രോള്‍ ബോട്ടും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. 

തുടര്‍ന്ന്‍ ഇന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇവരെ കണ്ടെത്തിയത്.