പെണ്‍കുട്ടിയെ കൊന്ന്‍ കാട്ടില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

മരട് സ്വദേശിയായ ഈവ എന്ന പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയെയാണ് കൊന്നശേഷം മൃതദേഹം കാട്ടില്‍ തള്ളിയത്.  

Last Updated : Jan 8, 2020, 11:03 AM IST
പെണ്‍കുട്ടിയെ കൊന്ന്‍ കാട്ടില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടിയെ കൊന്ന്‍ മൃതദേഹം കാട്ടില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

മരട് സ്വദേശിയായ ഈവ എന്ന പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയെയാണ് കൊന്നശേഷം മൃതദേഹം കാട്ടില്‍ തള്ളിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് സഫറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ നിന്നും പൊലീസ് കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവയുടെ മൃതദേഹവും കണ്ടെത്തി. വാൽപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും യുവാവുമുള്ള ഒരു കാർ അതിരപ്പള്ളി വഴി കടന്നുപോയിട്ടുണ്ടെന്നുള്ള വിവരം പോലീസിന് ലഭിക്കുന്നത്. വാഹനത്തിന്‍റെ നമ്പർ ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു.

മലക്കപ്പാറ കഴിഞ്ഞ് വാൽപ്പാറ എത്തിയപ്പോൾ വാഹനത്തിൽ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാൽപ്പാറ ചെക്ക്‌പോസ്റ്റിൽ പൊലീസ് കാർ പരിശോധിച്ചപ്പോൾ കാറില്‍ രക്തം കണ്ടെത്തുകയും തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തറിയുകയും ചെയ്തു.

അതേസമയം സഫർ നിരന്തരം തന്‍റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ഇവയുടെ പിതാവ് പറഞ്ഞു. സഫര്‍ ഇവയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകളെ ശല്യം ചെയ്യരുതെന്ന് സഫറിനോട് അഭ്യർത്ഥിച്ചപ്പോള്‍ ശല്യം ചെയ്യില്ലെന്ന് ഉറപ്പു നൽകിയിരുന്നെന്നും മരണപ്പെട്ട ഇവയുടെ അച്ഛൻ പറഞ്ഞു.

സമാനമായ സംഭവം രണ്ടുദിവസം മുന്‍പും കൊച്ചിയില്‍ അരങ്ങേറിയിരുന്നു. 

കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ച് ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനി നൂര്‍ജഹാനെ അമല്‍ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.

ബൈക്കില്‍ നൂര്‍ജഹാനെ പിന്തുടര്‍ന്നെത്തിയ അമല്‍ കുത്തിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കൈയിലും വയറിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. രക്ഷിക്കാന്‍ നോക്കിയ നാട്ടുകാരെയും അമല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒടുവില്‍ നാട്ടുകാര്‍ കല്ലെടുത്ത് എറിഞ്ഞതോടെ അമല്‍ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

കേസില്‍ അമലിനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

 

Trending News