close

News WrapGet Handpicked Stories from our editors directly to your mailbox

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശി: രമേശ് ചെന്നിത്തല

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിലപാട് മാറ്റാൻ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിതാവസ്‌ഥ സഭയില്‍ ഉണ്ടായതെന്നും നിയമസഭ പിരിഞ്ഞതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Updated: Dec 10, 2018, 11:09 AM IST
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിലപാട് മാറ്റാൻ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിതാവസ്‌ഥ സഭയില്‍ ഉണ്ടായതെന്നും നിയമസഭ പിരിഞ്ഞതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തീര്‍ഥാടകര്‍ കൂടണമെങ്കില്‍ നിരോധാജ്ഞ പിന്‍വലിക്കണം. നട തുറന്ന് 26 ദിവസം കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സഭ സ്തംഭനവുമായി മുന്നോട്ട് പോയെങ്കിലം മറ്റ് ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അവസരം തേടി സമരം പുറത്തേക്ക് കൊണ്ടുപോകാനാണ് പ്രതിപക്ഷം തീരുമാനിച്ചത്.

മൂന്ന് എംഎല്‍എമാര്‍ നിരാഹാരം നടത്തുന്നതിനാലാണ് അനിശ്ചിതമായി നീട്ടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, വിദേശ നിര്‍മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപിനം പഴയകാലത്തെ മുതലാളിമാര്‍ തൊഴിലാളികളോട് സ്വീകരിച്ച സമീപനമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ സഭയില്‍ നിന്ന് രണ്ടുതവണ ഇറങ്ങിപ്പോയി. സഭാ നടപടികള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്ന് സര്‍ക്കാരിന് തന്നെ താല്‍പ്പര്യമില്ല. ബ്രൂവറി, ഡിസ്റ്റിലറിക്ക് ശേഷം സര്‍ക്കാരിന്‍റെ മറ്റൊരു വലിയ അഴിമതി ഇന്ന് ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നതിനാല്‍ സര്‍ക്കാരിന് സഭ പിരിയണമെന്നുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു. 

ഇതിനിടെ, എം.എൽ.എ. മാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ കവാടത്തിൽ യുഡിഎഫ് എം.എൽ.എ.മാർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർ സമര പരിപാടികൾ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. കൂടാതെ, സത്യാഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് ഇന്ന് നിയമസഭാ മാര്‍ച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്.

ശബരിമല പ്രശ്‌നം ഉന്നയിച്ചാണ് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹ സമരം തുടങ്ങിയത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎല്‍എമാരുടെ സത്യഗ്രഹ പ്രതിഷേധം. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.