സ്വാതന്ത്ര്യദിന സത്കാര പരിപാടി റദ്ദാക്കി ഗവര്‍ണര്‍; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ചെന്നിത്തല

കേരളം കനത്ത പ്രളയക്കെടുതി നേരിടുന്ന അവസ്ഥ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് രാജ് ഭവനില്‍ നടത്താനിരുന്ന സത്കാര പരിപാടി റദ്ദാക്കി. ഗവര്‍ണറുടെ തീരുമാനപ്രകാരമാണ് ഇത്. 

Updated: Aug 10, 2018, 05:17 PM IST
സ്വാതന്ത്ര്യദിന സത്കാര പരിപാടി റദ്ദാക്കി ഗവര്‍ണര്‍; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളം കനത്ത പ്രളയക്കെടുതി നേരിടുന്ന അവസ്ഥ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് രാജ് ഭവനില്‍ നടത്താനിരുന്ന സത്കാര പരിപാടി റദ്ദാക്കി. ഗവര്‍ണറുടെ തീരുമാനപ്രകാരമാണ് ഇത്. 

മഴക്കെടുതി മൂലം സംസ്ഥാനത്തുടനീളം വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും 27 പേര്‍ മരിക്കുകയും ചെയ്ത പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ഈ തീരുമാനം. അതുകൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ പി. സദാശിവം തീരുമാനിച്ചിരിക്കുകയാണ്. 

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ആശങ്കയറിയിച്ച ഗവര്‍ണര്‍, രാജ് ഭവന്‍റെയും സര്‍ക്കാരിന്‍റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ വകുപ്പുകളും ദുരന്തനിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, സര്‍ക്കാരിന്‍റെ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പ്രളയക്കെടുതി കണക്കിലെടുത്ത് സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ, ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണമായ ഒരു സഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ഇതിനെ നേരിടാന്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ജനങ്ങളെ സഹായിക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, യുഡിഎഫ് എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് സാധാരണയായി കിട്ടുന്ന സഹായം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. അതല്ലാതെ കൂടുതല്‍ സഹായം പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവര്‍ ഇടപെട്ട് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.