കണ്ണൂര്/തിരുവനന്തപുരം: കൊടുംകുറ്റവാളിയും സൗമ്യ ബലാത്സംഗ, കൊലപാതക കേസിലെ കുറ്റവാളിയും ആയ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ കര്‍ശന നടപടികളുമായി ജയില്‍ വകുപ്പ്. മൂന്ന് ഉദ്യോഗസ്ഥരെ ആണ് ജയില്‍ ഡിഐജി പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഡിസ്ട്രിക് പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ മാരായ അഖിൽ, സഞ്ജയ് എന്നിവർക്കെതിരെയാണ് നടപടി. ജയിൽ DIG വി ജയകുമാറാണ് ഉത്തരവിട്ടത്. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടി ഉണ്ടാകും. ജയിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ജയിൽ മേധാവി. ഇരുപത് ദിവസത്തോളമായി നടത്തിയ ആസൂത്രത്തിനൊടുവില്‍ ആണ് ഗോവിന്ദച്ചാമി ജയില്‍ ചാട്ടം നടപ്പിലാക്കിയത് എന്നാണ് പ്രാഥമിക വിവരം.
ജയില്‍ കമ്പി മുറിക്കാന്‍ ഉപയോഹിച്ച ആയുധവും, മതില്‍ ചാടിക്കടക്കാന്‍ ഉപയോഗിച്ച തുണികളും എങ്ങനെയാണ് ഗോവിന്ദച്ചാമിയില്‍ എത്തിയത് എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. അതീവ സുരക്ഷാ ജയിലില്‍ എങ്ങനെ ഇതെല്ലാം സംഭവിച്ചു എന്നതും ഏറെ നിര്‍ണായകമാണ്.









