പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കാത്ത ഭക്ഷണപ്രേമികൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ഇതിനൊപ്പം കിട്ടുന്ന ഗ്രേവി സജന്യമാണോ? അല്ലെന്ന് വ്യക്തമാക്കുകയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ' എന്ന റെസ്റ്ററന്റ്നെതിരെ എറണാകുളം സ്വദേശി ഷിബു എസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ മറുപടി.
ഡിബിബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് തീരുമാനം. 2024 നവംബറിലാണ് പരാതിക്കാരനും സുഹൃത്തും ഹോട്ടലിൽ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്തത്. ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടെങ്കിലും അത് നൽകാനാവില്ലെന്ന് ഹോട്ടൽ ഉടമ അറിയിക്കുകയായിരുന്നു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ഇയാൾ പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫിസറും, ഫുഡ് സേഫ്റ്റി ഓഫിസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു.
തുടർന്നാണ് പരാതിക്കാരൻ ഷിബു കമ്മീഷനെ സമീപിച്ചത്. സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് ഹോട്ടൽ വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായ ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരനു കഴിഞ്ഞില്ല. അതിനാൽ, പൊറോട്ടയും ബീഫും നൽകുമ്പോൾ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായുള്ള പരാതി തള്ളിയ ഉത്തരവിൽ കമ്മീഷൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









