പിറവം പള്ളിതര്‍ക്കം; ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി

പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ ദേവന്‍ രാമചന്ദ്രന്‍ വാദം കേട്ടത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. 

Last Updated : Dec 11, 2018, 04:22 PM IST
 പിറവം പള്ളിതര്‍ക്കം; ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി

കൊച്ചി: പിറവം പള്ളി തര്‍ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. 

പിറവം പള്ളി തര്‍ക്കക്കേസ് കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം. 

കേസില്‍ വാദം കേട്ടു കൊണ്ടിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പി ആര്‍ രാമചന്ദ്രന്‍ എന്നിവരാണ് പാതി വഴിയില്‍ പിന്മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. 

പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ ദേവന്‍ രാമചന്ദ്രന്‍ വാദം കേട്ടത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. 

ഇത്തരമൊരു ഹര്‍ജി വന്ന സാഹര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.

പിറവം പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ ഇന്നലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

കോടതി വിധി നടപ്പാക്കാന്‍ പള്ളി പരിസരത്തെത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ എത്തുകയായിരുന്നു. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധത്തിനെത്തുകയായിരുന്നു. 

തുടര്‍ന്ന് പ്രദേശത്ത് നിന്നും പൊലീസ് പിന്‍വാങ്ങുകയും ചെയ്തു. പള്ളിത്തർക്ക വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ഹൈക്കോടതി പരാമർശത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ പൊലീസ് എത്തിയത്. 
 

Trending News