ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

41,207 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു.  

Last Updated : Jul 18, 2018, 08:22 AM IST
ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം:  സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലാണ് മഴക്കെടുതി കൂടുതല്‍. വീടുകളിലും കടകളിലുമടക്കം വെള്ളം നിറഞ്ഞ അവസ്ഥയാണുള്ളത്. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. 21 വരെ മഴ തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമാവുകയായിരുന്നു. 

41,207 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു. കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിവെച്ചു. മറ്റ് ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിക്കുന്നത്.

എം.ജി. സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മലയോരമേഖലയിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിചിട്ടുണ്ട്.

റോഡുകളില്‍ വെള്ളക്കെട്ടായതോടെ പലയിടത്തും ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. റെയില്‍വേ പാലങ്ങള്‍ക്കു താഴെ അപകടകരമായ രേഖയ്ക്കു മുകളിലേക്ക് മീനച്ചിലാറ്റിലെ വെള്ളം കയറിയതോടെ കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. പലയിടത്തും റോഡിലേക്കും റെയില്‍ പാളത്തിലേക്കും മരങ്ങള്‍ കടപുഴകി വീണതും ഗതാഗതത്തെ തടസ്സപ്പെടുത്തി.

മഴ ശക്തമാകാന്‍ തുടങ്ങിയ മേയ് 29നുശേഷം 87 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്‍റെ പ്രാഥമിക കണക്ക്. 8863.9 ഹെക്ടറില്‍ കൃഷിനശിച്ചു. കനത്തമഴപെയ്ത തിങ്കളാഴ്ചമാത്രം 686.2 ഹെക്ടറിലെ കൃഷിനശിച്ചു. 310 വീടുകള്‍ പൂര്‍ണമായി നശിച്ചു. 8333 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍നിന്നു 2375.52 അടിയായി ഉയര്‍ന്നു. ജൂലൈയിലെ റെക്കോര്‍ഡാണിത്.

Trending News