അതിതീവ്ര മഴക്ക്‌ സാധ്യതയില്ല; റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. 

Sheeba George | Updated: Oct 22, 2019, 12:45 PM IST
അതിതീവ്ര മഴക്ക്‌ സാധ്യതയില്ല; റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. 

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നത്‌. ഇടുക്കിയില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ മുന്നറിയിപ്പ് നിലനില്‍ക്കും. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. രാവിലെ 10 മണിക്ക് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലാണ് പുതിയ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസം സംസ്ഥാനത്താകമാനം അതിശക്തമായ മഴയുണ്ടായിരുന്നു. ഇതിനെതുടര്‍ന്നാണ് 7 ജില്ലകളില്‍ കഴിഞ്ഞദിവസം ഉച്ചയോടെ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മഴ തുടരുമെന്നതിനാല്‍ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ തുടരു൦. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

കനത്ത മഴയെത്തുടര്‍ന്ന്‍ നിരവധി സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.