അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം: സര്‍ക്കാര്‍

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

Last Updated : May 20, 2019, 12:49 PM IST
അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം: സര്‍ക്കാര്‍

കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

 ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്, ഡാം മാനേജ്‌മെന്‍റിലെ പിഴവല്ല പ്രളയത്തിന് കാരണം എന്നും, വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇത് ജലവിഭവ വകുപ്പും ശരിവെച്ചതാണ്. ശാസ്ത്രലോകം തള്ളിയ കണക്കുകൾ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും സർക്കാർ വ്യക്തമാക്കി. 

അതേസമയം, കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്‍റിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്‌സ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

അമിക്കസ് ക്യൂറി വാദം സാമാന്യ യുക്തിക്കും വസ്തുതകള്‍ക്കും നിരക്കുന്നതല്ലെന്നും റിപ്പോര്‍ട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് തന്നെ റിപ്പോർട്ട് തള്ളിയിരുന്നു. 

പ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ ജഡ്ജിമാരടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് അമികസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

ഡാമുകളില്‍ ചെളിയടിഞ്ഞത് തിരിച്ചറിയാനായില്ല. കനത്ത മഴയുണ്ടാകുമെന്ന് കണക്കാക്കുന്നതില്‍ പിഴവ് പറ്റിയെന്നും കാലാവസ്ഥ മുന്നറിയിപ്പ് കാര്യമായി എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ കാലാവസ്ഥ സൂചന മുന്നറിയിപ്പും കാര്യമാക്കിയില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

Trending News