കനത്തമഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍; നേരിടുന്നത് 99ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം

കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Last Updated : Aug 14, 2018, 03:54 PM IST
കനത്തമഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍; നേരിടുന്നത് 99ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം

തൊടുപുഴ: കടുത്തനാശം വിതച്ച് ഇടുക്കിയില്‍ കനത്തമഴ തുടരുന്നതിനിടയില്‍ പ്രളയഭീതിയില്‍പ്പെട്ട് മൂന്നാര്‍. മാട്ടുപ്പെട്ടി ഡാം തുറന്നതോടെ മൂന്നാര്‍ ഒറ്റപ്പെട്ടു.

കനത്തമഴയെ തുടര്‍ന്ന് 1999ല്‍ മൂന്നാര്‍ ഒറ്റപ്പെട്ടിരുന്നു. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതേസമയം മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് അധികൃതര്‍.

വീടുകളും കടകളും വെള്ളത്തിലായി. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ശക്തമായതോടെ ഗതാഗതം നിലച്ചു. മുതിരപ്പുഴയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 

ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും കൂടി തുറക്കുകയാണെങ്കില്‍ കുഞ്ചിത്തണ്ണി, കല്ലാര്‍കുട്ടി എന്നിവിടങ്ങളിലും വെള്ളം കയറിയേക്കും.

മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണപുരം വിനോദസഞ്ചാരകേന്ദ്രം അടച്ചു.

More Stories

Trending News