ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കണം: ഹൈക്കോടതി

ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ട്. അതിനു മുന്നിൽ കണ്ണു  കെട്ടി നോക്കി നിൽക്കാനാവില്ല.  എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം എന്നും കോടതി വിശദമാക്കി.   

Updated: Nov 23, 2018, 01:57 PM IST
ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണമെന്ന് ഹൈക്കോടതി. ഇതിനായി എല്ലാവരും സഹകരിക്കണം. ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്നും ഹൈക്കോടതി വിമര്‍ശിച്ചു. 

ശയന പ്രദിക്ഷണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇനി തിങ്കളാഴ്ച പരിഗക്കും.

ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ട്. അതിനു മുന്നിൽ കണ്ണു  കെട്ടി നോക്കി നിൽക്കാനാവില്ല.  എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം എന്നും കോടതി വിശദമാക്കി. ശബരിമല എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കോടതി സർക്കാരിന് നിര്‍ദേശം നല്‍കി.

ദേവസ്വം ബോർഡിന്‍റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുത്. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ടിക്കുന്ന പൊലീസുകാര്‍ക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് പൊലീസ് വകുപ്പ് തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. 

അതേസമയം സന്നിധാനത്തുള്ള പൊലീസുകാർക്ക് ഭക്ഷണവും താമസവും നൽകാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ്‌ കോടതിയില്‍ വ്യക്തമാക്കി. 15000 പൊലീസുകാര്‍ ശബരിമലയില്‍ ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ 3000ല്‍ താഴെ മാത്രം പൊലീസുകാരാണ് ഇവിടെയുള്ളതെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ല. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്നമുണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.