കൊച്ചി:  അവധിക്കാലത്ത് ക്ലാസ്സുകള്‍ നടത്താന്‍ പാടില്ലെന്ന ംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ്  ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂട് കൂടിയ പശ്ചാത്തലത്തില് കൂടിയായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ക്ലാസ്സ് എടുക്കാമെന്ന് കോടതി പറഞ്ഞു.  വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് നാലിനാണ് വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സിബിഎസ്ഇ അടക്കം എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും ഉത്തരവ് ബാധകമാക്കിയിരുന്നു. കുട്ടികളെ  പഠനത്തിനും ഇതര ക്യാമ്പുകള്‍ക്കും അവധിക്കാലത്ത് നിര്‍ബന്ധിക്കരുതെന്നാണ് ഉത്തരവില്‍ പറഞ്ഞത്. മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ സ്‌കൂളുകള്‍ അടയ്ക്കണം.


ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കുകയും വേണം. കുട്ടികളെ അവധിക്കാലത്ത് നിര്‍ബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും വേനല്‍ ചൂട് മൂലമുണ്ടാകുന്ന ഗുരുതര  ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയത്.