എനിക്ക് വേണ്ടത് സ്വാതന്ത്ര്യമെന്ന് കോടതി മുറിയില്‍ ഹാദിയ

സ്വാതന്ത്യമാണ് ആഗ്രഹിക്കുന്നതെന്ന് സുപ്രീംകോടതിയില്‍ ഹാദിയ. ഭാവിയെക്കുറിച്ചുള്ള സ്വപ്നമെന്താണെന്ന് ചീഫ് ജസ്റ്റിസിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഹാദിയ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

Last Updated : Nov 27, 2017, 05:37 PM IST
എനിക്ക് വേണ്ടത് സ്വാതന്ത്ര്യമെന്ന് കോടതി മുറിയില്‍ ഹാദിയ

ന്യൂഡല്‍ഹി: സ്വാതന്ത്യമാണ് ആഗ്രഹിക്കുന്നതെന്ന് സുപ്രീംകോടതിയില്‍ ഹാദിയ. ഭാവിയെക്കുറിച്ചുള്ള സ്വപ്നമെന്താണെന്ന് ചീഫ് ജസ്റ്റിസിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഹാദിയ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

സര്‍ക്കാര്‍ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതിന് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ടെന്നും പഠനച്ചെലവ് തന്‍റെ ഭര്‍ത്താവ് വഹിക്കുമെന്നും ഹാദിയ കോടതിയെ അറിയിച്ചു. പഠനം തുടരാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് ഭര്‍ത്താവിനെ കാണണമെന്ന് ഹാദിയ വ്യക്തമാക്കി.

സര്‍വകലാശാലയില്‍ തനിക്ക് ഒരു രക്ഷകര്‍ത്താവിനെ നിയമിക്കണമെന്ന ഹാദിയയുടെ അഭ്യര്‍ത്ഥനയ്ക്ക് സര്‍വകലാശാല ഡീനിനെ അതിന് ചുമതലപ്പെടുത്താമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ഭര്‍ത്താവിനെ രക്ഷകര്‍ത്താവായി നിയമിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഹാദിയ കോടതിയെ അറിയിച്ചു. 

11 മാസത്തെ മാനസിക പീഡനം അവസാനിപ്പിക്കണമെന്നും ഡല്‍ഹിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടു. 

ഹാദിയ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തത് താനാണെങ്കില്‍ കസ്റ്റഡിയില്‍ എടുക്കേണ്ടത് തന്നെയാണെന്നും കോടതിയില്‍ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുക്കുന്നത്  ഏത് നിയമപ്രകാരമാണെന്ന് വ്യക്തമാക്കണം. സംഘടനയാണ് തെറ്റ് ചെയ്തതെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഷഫിന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. 

Trending News