ശബരിമല തന്ത്രിയെ വേണമെങ്കില്‍ മാറ്റാന്‍ സാധിക്കും: ദേവസ്വം മന്ത്രി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.  

Last Updated : Jan 6, 2019, 11:34 AM IST
ശബരിമല തന്ത്രിയെ വേണമെങ്കില്‍ മാറ്റാന്‍ സാധിക്കും: ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല തന്ത്രിയെ വേണമെങ്കില്‍ മാറ്റാന്‍ സാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍എസ്എസ് തന്ത്രിയെ ആയുധമാക്കിയെന്നും എന്നാല്‍ തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോര്‍ഡാണെന്നും. തന്ത്രിയുടെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടത്.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ച ഉടനെയാണ് തന്ത്രി കണ്ഠര് രാജീവരുടെ നിര്‍ദ്ദേശാനുസരണം നട അടച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തന്ത്രി ടെലിഫോണില്‍ വിളിച്ചിരുന്നുവെങ്കിലും സ്വമേധയാ ശുദ്ധികലശം നടത്തുകയാണെന്ന് പറയുകയായിരുന്നു. 

ഈ നടപടി സുപ്രിംകോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. തുടര്‍ന്നാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ദേവസ്വം കമ്മീഷണർ എൻ.വാസുവിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  

തന്ത്രിയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കും. മകരവിളക്കിനുള്ള ഒരുക്കങ്ങളും ബോര്‍ഡ് യോഗം വിലയിരുത്തി. യുവതികൾ കയറിയപ്പോൾ ശുദ്ധികലശം നടത്തിയ ശബരിമല തന്ത്രി മനുഷ്യനാണോയെന്ന് മന്ത്രി ജി.സുധാകരൻ ഇന്നലെ ചോദിച്ചിരുന്നു. 

മാത്രമല്ല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്നും ക്ഷേത്രം പൂട്ടിപ്പോകും എന്ന് പറയാൻ തന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും സുധാകരൻ ചോദിച്ചു.

Trending News