)
തിരുവനന്തപുരം: മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്ന് കേസിലെ വാദിയായ അഡ്വ. പി നാഗരാജ്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക സമർപ്പിച്ചു. എല്ലാ നിയമ വശങ്ങളും പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവെന്നും നാഗരാജിൻ്റെ കൗണ്ടർ പത്രികയിൽ പറയുന്നു. പ്രഥമദൃഷ്ട്യാ കേസുള്ള അഴിമതി പരാതി വാതിൽ പടിയിൽ തള്ളരുതെന്ന സുപ്രീം കോടതി വിധിയും നാഗരാജ് ഹാജരാക്കി.
വിജിലൻസ് കോടതിയിലെ പരാതി റദ്ദാക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാകുമെന്നും നാഗരാജിൻ്റെ പത്രികയിൽ പറയുന്നു. തെളിവെടുപ്പിന് ശേഷം വിചാരണ കോടതി ആവശ്യപ്പെടുന്ന സമയം സർക്കാർ അനുമതി തേടിയാൽ മതിയെന്നും പരാതിക്കാരൻ. അനുമതി വാങ്ങൽ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും നാഗരാജ് ഹാജരാക്കി. കേസ് 19ന് ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദീൻ പരിഗണിക്കും. 27 ന് തിരുവനന്തപുരം വിജിലൻസ് കോടതിയും കേസ് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് 27 ലേക്ക് മാറ്റിയത്. സെപ്റ്റംബർ 12 വരെ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതിനാലാണ് വിചാരണ കോടതി ഉത്തരവ്.
അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ട് കേസ് നേരിട്ട് അന്വേഷിക്കാൻ വിജിലൻസ് കോടതി ആഗസ്റ്റ് 14ന് ഉത്തരവിടുകയും വാദിയായ നെയ്യാറ്റിൻകര. പി.നാഗരാജിൻ്റ മൊഴി 30 ന് രേഖപ്പെടുത്താനായി നാഗരാജിനോട് ഹാജരാകാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ഇടക്കാല സ്റ്റേ വേണമെന്നുമാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബദറുദീൻ 12 വരെ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തത്.
തനിക്കെതിരായ ഹർജിയിൽ വിചാരണ കോടതിക്ക് വാദിയുടെ മൊഴിയെടുക്കണമെങ്കിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 (1) പ്രകാരം നാഗരാജ് സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് അജിത് കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. അതേസമയം വകുപ്പ് 19 (1) പ്രകാരം വിചാരണ കോടതി മൊഴിയെടുപ്പ്, തെളിവുകൾ സ്വീകരിക്കൽ, രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കൽ, റിപ്പോർട്ട് തേടൽ എന്നിവയ്ക്ക് സർക്കാർ അനുമതി ആവശ്യമില്ലെന്നും തെളിവെടുപ്പിന് ശേഷം '' കോഗ്നിസൻസ് ''(കലണ്ടർ കേസ് രജിസ്റ്റർ ചെയ്യൽ) കേസ് എടുക്കൽ സമയത്ത് വിചാരണ കോടതി ആവശ്യപ്പെടുന്ന സമയം സർക്കാർ അനുമതി വാങ്ങിയാൽ മതിയെന്ന കൗണ്ടർ സ്റ്റേറ്റ്മെൻ്റ് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.