)
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മരം വീണ് വിവിധ ജില്ലകളിൽ പത്തോളം വീടുകൾ തകർന്നു. തൃശൂർ അരിമ്പൂർ കോൾപാടത്ത് മിന്നൽ ചുഴലിയുണ്ടായി. ആലപ്പുഴ തൃക്കുന്നപ്പുഴ ഉൾപ്പെടെ പലയിടങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്.
റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മരം കടപുഴകി വീണും മണ്ണിടിഞ്ഞും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ബൈപ്പാസിനോട് ചേർന്ന ഭാഗത്ത് നേരിയ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ് റോഡിലേക്ക് ചെളി ഇറങ്ങുകയായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും ബത്തേരി പൂമല, ചെട്ടിമൂല ചേന്നാത്ത് വീട്ടിൽ ജോർജിൻ്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്ന് ഒരാൾക്ക് പരിക്കേറ്റു. വീടിനുള്ളിൽ ഉണ്ടായിരുന്ന തസ്ലീനക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ ചൂരല്‍മല പുന്നപ്പുഴയില്‍ അതിശക്തമായ നീരൊഴുക്ക് രൂപപ്പെട്ടു.
സ്കൂൾ റോഡിൽ പൂർണമായും വെള്ളം കയറി. പുന്നപ്പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തികളുടെ ഭാഗമായി അരികില്‍ കൂട്ടിയിട്ട മണ്ണ് ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. സ്കൂള്‍ റോഡ് കടന്ന് പടവെട്ടിക്കുന്നിലേക്കുള്ള വഴിയിലും വെള്ളം കയറി. രണ്ട് ദിവസമായി ചൂരല്‍മലയില്‍ വൈദ്യുതി ഇല്ലാത്ത സ്ഥിതിയാണ്. ഇത് പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വയനാട്ടിൽ ശക്തമായ മഴ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇടുക്കി പാമ്പാടുംപാറയിൽ ശക്തമായ മഴയിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശിനി മാലിനി മരിച്ചു. ദേശീയപാത നവീകരണം നടക്കുന്ന അടിമാലി-കരടിപ്പാറ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.