ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്നെത്തും

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. മണ്ഡലക്കാല തീര്‍ഥാടനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. 

Last Updated : Dec 18, 2018, 10:01 AM IST
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്നെത്തും

പമ്പ: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. മണ്ഡലക്കാല തീര്‍ഥാടനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. 

ഈ സീസണിലെ ഏറ്റവും കൂടിയ ഭക്തജന തിരക്കാണ് ഇന്നലെ ശബരിമലയില്‍ കാണുവാന്‍ കഴിഞ്ഞത്. ഒരു ലക്ഷം പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണില്‍ ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഒറ്റ ദിവസം സന്നിധാനത്തെത്തുന്നത് ഇതാദ്യം. ഈ മണ്ഡലകാലം തുടങ്ങി ഇതാദ്യമായാണ് സന്നിധാനത്ത് നടപ്പന്തല്‍ നിറഞ്ഞ് തീര്‍ഥാടകരെത്തുന്നത്. പമ്പവഴിക്ക് പുറമെ പരമ്പരാഗത കാനന പാത വഴിയും എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്.

ശനിയാഴ്ച മുതലാണ് ഭക്തജന തിരക്ക് വര്‍ദ്ധിച്ചത്. ഈ തിരക്ക് ഇനിയും കൂടിയാല്‍ പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ശാന്തമായ അന്തരീക്ഷത്തില്‍ മണ്ഡല തീര്‍ഥാടനത്തിന് സമാപ്തി കുറിക്കാനാണ് പൊലീസിന്‍റെ ശ്രമം.

അതേസമയം, ഇന്ന് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പൊലീസ് നിലപാട്. 

വരും ദിവസങ്ങളിലും തീർത്ഥാടകരുടെ തിരക്ക് വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്‍റെ നിഗമനം. അതേസമയം, ഇലവുങ്കൽ മുതൽ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടർ ഏ‍ർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രി അവസാനിക്കും. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് നിലപാട്. 

 

 

Trending News