തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരേ വേദി പങ്കിട്ട് ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റു നേതാക്കളും...
ജാതിയുടേയും മതത്തിന്റേയും പേരില്‍ ആരേയും മാറ്റിനിര്‍ത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ നല്കിയ സന്ദേശത്തിലാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ പരാമര്‍ശം.
ഭരണഘടന അനുസരിക്കുന്നതിന് എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്ന് അഭിപ്രായപ്പെട്ട ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. കേരളത്തിന്റെ പുരോഗതിയില്‍ മുഖ്യമന്ത്രി മികച്ച നേതൃത്വം നല്കുന്നു. സുസ്ഥിരവികസനത്തിലും നവീനാശയങ്ങള്‍ നടപ്പാക്കുന്നതിലും കേരളം മാതൃകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്ക് അഭിനന്ദനമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിലും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കടുത്ത അതൃപ്തി ഗവര്‍ണര്‍ പരസ്യമാക്കിയ സാഹചര്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആകാംക്ഷയോടെയാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തെ ഏവരും ഉറ്റുനോക്കിയിരുന്നത്. വിവാദങ്ങള്‍ക്കും ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനും ഇടയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതിന്റെ കൗതുകവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് ഉണ്ടായിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.