രവി പൂജാരി പി.സി. ജോര്‍ജ്ജിനെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്

ജോര്‍ജിന്റെ മൊബൈല്‍ നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. 

Last Updated : Feb 7, 2019, 01:01 PM IST
രവി പൂജാരി പി.സി. ജോര്‍ജ്ജിനെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി തന്നെ വിളിച്ചതിന് തെളിവുകള്‍ പുറത്ത്. തന്നെ ഭീഷണിപ്പെടുത്തി എന്ന പിസി ജോര്‍ജ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വാസ്തവമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 

ജോര്‍ജിന്റെ മൊബൈല്‍ നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. ബിഷപ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കതിരെ നിലപാടെടുത്തതില്‍ തുടര്‍ന്ന് പൂജാരി തന്നെ വിളിച്ചതായി പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകള്‍ ഉള്‍പ്പെടെ വന്‍ ആക്ഷേപത്തിന് വഴിവച്ചിരുന്നു. ചുരുക്കത്തില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ താന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അധോലോക കുറ്റവാളി രവി പൂജാരി വിളിച്ചെന്നും ഭീഷണി വേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ചെന്നും പിസി പറഞ്ഞെന്നത് അടുപ്പക്കാര്‍ പോലും വിശ്വസിച്ചില്ലായിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അറസ്റ്റിന് ശേഷം ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ച പൂജാരിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പ്രകാരം സംഗതി സത്യമാണ്. ഇക്കഴിഞ്ഞ ജനുവരി 11,12 തീയതികളിലായാണ് പിസി ജോര്‍ജിന്റെ 9447043027 എന്ന നമ്പറിലേക്ക് പൂജാരി വിളിക്കുന്നത്. 

രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകള്‍. രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികള്‍. ബാക്കിയെല്ലാം പത്ത് സെക്കന്‍ഡില്‍ താഴെ മാത്രം. ഇങ്ങോട്ട് വിളിച്ച പൂജാരിയെ പൂഞ്ഞാര്‍ ശൈലിയില്‍ അങ്ങോട്ട് വിരട്ടി കോള്‍ കട്ടുചെയ്തതാണെന്ന് അനുമാനിക്കാം. 

പൂജാരിയുടെ ഇടപാടില്‍ വെടിവെയ്പ് നടന്ന കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ലീനാ മരിയ പോളിനെയും മറ്റ് പല വ്യവസായികളെയും വിളിച്ച അതേ സെനഗല്‍ നമ്പറുകളില്‍ നിന്നാണ് പിസി ജോര്‍ജിനെയും ബന്ധപ്പെട്ടിട്ടുള്ളത്. 

രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി. ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. ആഫ്രിക്കയില്‍ നിന്ന് തനിക്ക് ഒരു നെറ്റ് കോള്‍ വന്നിരുന്നുവെന്നാണ് ജോര്‍ജ്ജ് പറഞ്ഞിരുന്നത്.

ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് വെളിപ്പെടുത്തിയെന്നും പിന്നീട് തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിന് നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം.

കയ്യില്‍ കാശുള്ളവരെ വിരട്ടി കാര്യംകാണുന്ന പൂജാരിക്ക് പൊതുചര്‍ച്ചയിലുള്ള വിഷയങ്ങളില്‍ ഇടപെട്ട് പ്രതികരണം അറിയിക്കുന്ന സ്വാഭാവം ഉണ്ട് ബിഷപ്പ് ഫ്രാങ്കോയുടെയോ കന്യാസ്ത്രീയുടെയോ വിഷയത്തില്‍ ഇടപെടാന്‍ കാരണവും ഇത് തന്നെ ആയിരിക്കാം.  

2016ല്‍ സര്‍ജിക്കല്‍സ്‌ട്രൈക്കിനെതിരെ പ്രതികരിച്ച മുംബൈയിലെ കോണ്ഗ്രസ് എംപി സഞ്ജയ് നിരൂപമിനെ വിളിച്ച് പരസ്യമായി മാപ്പ് പറയാന്‍ പൂജാരി ആവശ്യപ്പെട്ടിരുന്നു. 

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ നിരന്തരം വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി 2016ല്‍ കേരളത്തില്‍ തന്നെ രവി പൂജാരിക്കെതിരെ പരാതി ഉണ്ടായിരുന്നു.

More Stories