കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോളിയെ സഹായിച്ചതിന് തെളിവ് ലഭിച്ചു

ജോളിയുടെയും ഷാജുവിന്‍റെയും വിവാഹ സല്‍ക്കാരത്തിന് ജയശ്രീ പങ്കെടുത്തതിന്‍റെ ഫോട്ടോ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  

Ajitha Kumari | Updated: Oct 9, 2019, 10:55 AM IST
കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോളിയെ സഹായിച്ചതിന് തെളിവ് ലഭിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ഡെപ്യൂട്ടി തഹസീല്‍ദാറായ ജയശ്രീ സഹായിച്ചതിനുള്ള തെളിവ് അന്വേഷണ സംഘം കണ്ടെത്തി.

ജോളിയും ജയശ്രീയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. ജോളിയുടെയും ഷാജുവിന്‍റെയും വിവാഹ സല്‍ക്കാരത്തിന് ജയശ്രീ പങ്കെടുത്തതിന്‍റെ ഫോട്ടോ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിനിടയില്‍ ജയശ്രീയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചതായി ജോളി പൊലീസിന് മൊഴി നല്‍കിയിരുന്നു. 

വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതിനെകുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. ജയശ്രീ കുടുംബ സുഹൃത്തായിരുന്നുവെന്നും ജയശ്രീയുടെ വീട്ടിലെ ചടങ്ങുകള്‍ക്ക് ജോളിയോടൊപ്പം താനും പങ്കെടുത്തിട്ടുണ്ടെന്നും ഷാജു പറഞ്ഞു.

കല്യാണത്തിന് മുന്‍പ് തന്നെ ജോളിയോടൊപ്പം ജയശ്രീയുടെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്നും തനിക്കറിയാത്ത പല കാര്യങ്ങളും ജയശ്രീക്കറിയാമെന്നും ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടയില്‍ കൂടത്തായി കൂട്ടമരണ കേസിലെ അന്വേഷണ സംഘത്തെ ആറായി വിപുലീകരിച്ചതായി സൂചനയുണ്ട്. കേസിലെ അന്വേഷണം പെട്ടെന്ന് നടത്തുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ഇന്നലെ പറഞ്ഞിരുന്നു.